1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Thursday, May 24, 2007

ആരാണ് ബുദ്ധിമാന്‍ ?



ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ വിവിധമേഖലകളുമായി ഇടപെടേണ്ടിവരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് .കാലം പുരോഗമിയ്ക്കുംന്തോറും ഈ മേഖലകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തില്‍ വിവിധമേഖലകള്‍ എന്നുപറയുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ചുപറയുകയാണെങ്കില്‍ അവന്‍ ബന്ധപ്പെടാത്തതും അവന് അറിയാത്തതുമായ മേഖലകള്‍ കൂടി ഉണ്ട് എന്നതാണ് ആ വസ്തുത. ഉദാഹരണമായി ഒരു ആദിവാസി മനുഷ്യനെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന മേഖലയെ അവന്‍ ബന്ധപ്പെടാത്തതോ അറിയാത്തതോ ആയ മേഖലയായി കണക്കാക്കാം.ഇങ്ങനെയുള്ള ഓരോ മേഖലയിലും മനുഷ്യന്‍ തന്റെ ബുദ്ധിശക്തി പ്രകടിപ്പിയ്ക്കുകയും തല്‍‌ഫലമായി പ്രസ്തുതമേഖലയില്‍ പ്രതിഭകള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകോണ്ടുതന്നെ ഇങ്ങനെയുള്ള മേഖലയില്‍ പ്രതിഭകളാകുന്ന വ്യക്തികളെ ‘ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി ‘ (Multiple intelligence Theory ) അനുസരിച്ച് നാം ബുദ്ധിമാന്മാര്‍ എന്നുപറയുന്നു. ഒരു മേഖലയില്‍ ‘പ്രതിഭ‘ യാകുന്ന വ്യക്തി(ബുദ്ധിമാനാകുന്ന വ്യക്തി ) മറ്റുമേഖലകളില്‍ പ്രതിഭയാകണമെന്നില്ല. ചിലപ്പോള്‍ മറ്റുമേഖലകളില്‍ സാധാരണക്കാരനാകാം.



സാ‍ധാരണയായിപ്പറഞ്ഞാല്‍ , നാം ബുദ്ധിമാനായി കണക്കാക്കുന്നത് അക്കാഡമിക്ക് ബ്രില്യന്‍സിയെയാണ്. അതായത് ,ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടുകയോ അല്ലെങ്കില്‍ അവയിലെല്ലാം ഒന്നാം റാങ്കു വാങ്ങുകയോ ചെയ്യുന്ന വ്യക്തിയെയാണ് ബുദ്ധിമാനായി കണക്കാക്കുന്നത്. എന്നാല്‍ ശില്പകല,സംഗീതം,നൃത്തം, പ്രസംഗം,പൊതുപ്രവര്‍ത്തനം,നോവലെഴുതല്‍,കവിതരചിയ്ക്കല്‍ ,കായികരംഗം......തുടങ്ങിയവയിലൊക്കെ അറിവുനേടുന്നവര്‍ ബുദ്ധിമാന്മാര്‍ തന്നെയാണെന്ന് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി പ്രഖ്യാപിയ്ക്കുന്നു.


എന്താണ് പ്രക്രിയാധിഷ്ഠിത വിദ്യാഭ്യാസം ?


‘ അദ്ധ്യാപകന്‍ പറയുന്നു,വിദ്യാര്‍ത്ഥി കേള്‍ക്കുന്നു ‘ -ഇത്തരത്തിലുള്ള വിദ്യാഭ്യാസരീതിയാണ് നാം ശീലിച്ചുപോന്നതും നമ്മുടെ സങ്കല്പത്തിലുള്ളതും. ക്ലാസെടുക്കുമ്പോഴുള്ള നിശബ്ദത ടീച്ചറുടെ മികവായി കണക്കാക്കുന്നു.പരീക്ഷയെന്നാല്‍ ‘ഓര്‍മ്മശക്തിയെ ‘ മാത്രം അളക്കുവാനുള്ള അളവുകോലായി നാം കണക്കാക്കുകയും ചെയ്യുന്നു. കൂടുതല്‍ മനഃപാഠം പഠിച്ച് പരീക്ഷാ‍പേപ്പറില്‍ എഴുതുന്ന കുട്ടിയ്ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു. അങ്ങനെ കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന കുട്ടി ബുദ്ധിമാന്‍ പട്ടത്തിന് അര്‍ഹമാകുകയും ചെയ്യുന്നു.



മുകളില്‍പ്പറഞ്ഞതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി പ്രവര്‍ത്തനങ്ങള്‍ അഥവാ പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ശേഷിയിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിദ്യഭ്യാസസമ്പ്രദായമാണ് ‘ പ്രക്രിയാധിഷ്ഠിത വിദ്യാഭ്യാസം അഥവാ പ്രവര്‍ത്തനോന്മുഖ വിദ്യാഭ്യാസം ‘



അറിവുനേടുക = മാനസിക പരിവര്‍ത്തനം


ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ചിലര്‍ മോശമായി പെരുമാറിയാല്‍ സാമാന്യജനം ഇങ്ങനെ പ്രതികരിയ്ക്കാറുണ്ട് “ ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള ആള്‍ ഇങ്ങനെയാണോ പെരുമാറുക “ .ഇതില്‍നിന്നും ഒരു കാര്യം ഉറപ്പാണ് .വിദ്യാഭ്യാസം നേടിയ വ്യക്തിയില്‍നിന്ന് അതിനുയോജിച്ച മാനസികപരിവര്‍ത്തനം പ്രതീക്ഷിയ്ക്കുന്നുവെന്ന സത്യം. ഗൈഡുകള്‍ മാത്രം പഠിച്ച് പരീക്ഷയെഴുതി ഉന്നതവിദ്യാഭ്യാസയോഗ്യത നേടിയ വ്യക്തിയ്ക്ക് പ്രസ്തുത വിദ്യാഭ്യാസ യോഗ്യത നിഷ്കര്‍ഷിയ്ക്കുന്ന മാനസികശേഷി ഉണ്ടായിരിയ്ക്കണമെന്നില്ല. ഇക്കാരണംകൊണ്ടുതന്നെ അദ്ധ്യാപനം വ്യക്തിയില്‍ മാനസികപരിവര്‍ത്തനം ഉളവാക്കാന്‍ തക്കവണ്ണമുള്ളതായിരിയ്ക്കണം എന്നുമനസ്സിലായല്ലോ. ശരിയായ പ്രവര്‍ത്തനോന്മുഖവിദ്യാഭ്യാസത്തിനേ വ്യക്തിയില്‍ മാനസിക പരിവര്‍ത്തനം നടത്തുവാന്‍ കഴിയൂ.


പ്രവര്‍ത്തനങ്ങളെക്കുറിച്ച് :


മുകളില്‍ പ്രതിപാദിച്ചവ ശരിയായരീതിയില്‍ മനസ്സിലാകണമെന്നുണ്ടെങ്കില്‍ ( മാ‍നസിക പരിവര്‍ത്തനം വരത്തക്ക രീതിയില്‍ ) വിദ്യാര്‍ത്ഥികള്‍ ചില പ്രവര്‍ത്തനങ്ങളിലൂ‍ടെ കടന്നുപോകേണ്ടതുണ്ട്. അവ താഴെക്കൊടുക്കുന്നു. (ഈ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങലില്‍ നടത്തി വിജയിച്ചീട്ടുള്ളതാണ് )




ലക്ഷ്യം:


മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറിയെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിന്


പ്രക്രിയ:


അദ്ധ്യാപകന്‍ തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് അറിയാവുന്ന മേഖലയിലെ പ്രശസ്തരായ വ്യക്തികളുടെ ( പ്രതിഭകളുടെ ) പേരുകള്‍ ക്രമത്തില്‍ ബോര്‍ഡില്‍ എഴുതുന്നു. എന്നിട്ട് അവരില്‍ ആരാണ് ബുദ്ധിമാനെന്നും ആ വ്യക്തിയെ ബുദ്ധിമാനായി തിരഞ്ഞെടുത്തതിനുള്ള കാരണവും എഴുതുവാന്‍ ആവശ്യപ്പെടുന്നു.


ഇവരില്‍ ആരാണ് ബുദ്ധിമാന്‍ ? ( ബോര്‍ഡില്‍ എഴുതിയത് )


1.മോഹന്‍ലാല്‍

2.യേശുദാസ്

3.കാനായി കുഞ്ഞിരാമന്‍

4.രാജു നാരായണസ്വാമി

5.സുകുമാര്‍ അഴീക്കോട്

6.സുഗതകുമാരി

7.മാതാ അമൃതാനന്ദമയീ ദേവീ

8.കെ.കരുണാകരന്‍

9.മജീഷ്യന്‍ മുതുകാട്

10.പി.ടി.ഉഷ

11.ലാറി ബേക്കര്‍

12.രാജാ രവിവര്‍മ്മ


പ്രതികരണങ്ങള്‍


1.ചില കുട്ടികള്‍ , അവര്‍ക്ക് താല്പര്യമുള്ള മേഖലയിലെ പ്രശസ്തരായ വ്യക്തിയുടെ പേര് നിര്‍ദ്ദേശിച്ച് അതിനുവേണ്ടി ഒരു കാരണവും പറയുന്നു.

2.ചില കുട്ടികള്‍ പേരുമാത്രം എഴുതുന്നു, കാരനം എഴുതിയിട്ടില്ല.

3. ചില കുട്ടികള്‍ അടുത്തിരുന്ന കുട്ടി എന്താണാവോ എഴുതിയത് അത് അപ്പടി പകര്‍ത്തിവെയ്ക്കുന്നു.

4.ചില കുട്ടികള്‍ ഒന്നും പ്രതികരിയ്ക്കാതെയിരിയ്ക്കുന്നു.



എന്തായാലും ആദ്യം പറഞ്ഞ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രതികരണങ്ങള്‍ വഴി ക്ലാസില്‍ ചര്‍ച്ച നടക്കുന്നു.


ക്രോഡീകരണം:


പ്രവര്‍ത്തനോന്മുഖ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകന്റെ സ്ഥാനം ഒരു സഹായി (ഗൈഡ് ) എന്നത് മാത്രമാണ് . (അതുകൊണ്ടുതന്നെ ചര്‍ച്ച ശരിയായ രീതിയിലെത്തിയ്ക്കാന്‍ അദ്ധ്യാപകന്‍ ശ്രമിയ്ക്കുന്നു. എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ല,പക്ഷെ എല്ലാവരും ശ്രോതക്കളുമെങ്കിലും ആയിരിയ്ക്കും എന്ന വസ്തുത ഇവിടെ വിസ്മരിച്ചുകൂടാ.) അതുകോണ്ടുതന്നെ ചര്‍ച്ചയുടെ അവസാനം അദ്ധ്യാപകന്‍ ക്രോഡീകരണം നടത്തുന്നു.



‘‘മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന ഒട്ടനവധി മേഖലകള്‍ ഉണ്ട് . പ്രസ്തുത മേഖലയില്‍ പ്രശസ്തരായ വ്യക്തികള്‍ എല്ലാവരും തന്നെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറിപ്രകാരം ബുദ്ധിമാന്മാരാണ് എന്ന വസ്തുത അദ്ധ്യാപകന്‍ വ്യക്തമാക്കുന്നു. “



“ പത്തോ പതിനഞ്ചോ മിനിട്ടെടുത്തിരിയ്ക്കാവുന്ന ഈ പ്രവര്‍ത്തനം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് സിദ്ധാന്തത്തെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നു. ഈ സിദ്ധാന്തം ആവിഷ്കരിച്ച ഹോവാര്‍ഡ് ഗാര്‍ഡ്‌നറെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പേരും ടീച്ചര്‍ ക്ലാസില്‍ പറയുന്നു/ ബോര്‍ഡില്‍ എഴുതുന്നു.”



പ്രവര്‍ത്തനം: 2



ലക്ഷ്യം:


അറിവുനേടുന്നതുവഴി മാനസിക പരിവര്‍ത്തനം ഉണ്ടാകുന്നതെങ്ങനെയെന്ന് കണ്ടെത്തുന്നു.


ആസൂത്രണം :


ടീച്ചര്‍ ശ്രീബുദ്ധന്റെ ‘ മരണം സംഭവിയ്ക്കാത്ത വീട്ടില്‍ നിന്നുള്ള കടുക് ‘ എന്ന കഥ ക്ലാസില്‍ രസകരമായി അവതരിപ്പിയ്ക്കാന്‍ തയ്യാറെടുപ്പുനടത്തുന്നു.


പ്രക്രിയ:


ടീച്ചര്‍ കഥ പറയുന്നു.

ഒരിയ്ക്കല്‍ ബുദ്ധഭഗവാനെക്കാണാന്‍ ഒരു സ്തീ വന്നു.
ഭഗവാനെ കണ്ടതും ആ സ്ത്രീ സങ്കടം സഹിയ്ക്കാതെ പൊട്ടിക്കരഞ്ഞു.
ഭഗവാന്‍ കാര്യം അന്വേഷിച്ചു.
കഴിഞ്ഞ ദിവസം തന്റെ പത്തുവയസ്സുമാത്രം പ്രായമായ ഏകമകന്‍ അസുഖം വന്ന് മരിച്ച വിവരം ആ സ്ത്രീ പറഞ്ഞു.
ഭഗവാനല്ലേ ,ഇത്രയേറെ ജനങ്ങള്‍ ആരാധിയ്ക്കുന്ന ദൈവതുല്യനായ വ്യക്തിയല്ലേ . അതിനാല്‍ തന്റെ മകനെ വീണ്ടും ജീവിപ്പിയ്ക്കണമെന്ന് ആ അമ്മ ഭഗവാനോട് ആവശ്യപ്പെട്ടു.

ബുദ്ധഭഗവാന്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു.. “ നിങ്ങള്‍ പോയി മരണം നടക്കാത്ത കുടുബത്തില്‍ നിന്ന് കുറച്ച് കടുക് കൊണ്ടുവരണം . അതു ലഭിച്ചാല്‍ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയും “

ശ്രീ ബുദ്ധന്റെ മറുപടി കേട്ടതും ആ സ്ത്രീ പുറത്തേയ്ക്കോടി.
കുറച്ച് കടുക് കൊണ്ടുകൊടൂത്താല്‍ ഭഗവാന്‍ തന്റെ മകനെ ജീവിപ്പിയ്ക്കുമല്ലോ എന്നോര്‍ത്താണ് അവര്‍ പോയത് .



എന്നാല്‍ അവര്‍ ബുദ്ധഭഗവാന്റെ അടുത്തേയ്ക്ക് തിരിച്ചുവന്നത് ഒരാഴ്ചകഴിഞ്ഞാണ്.
അവരുടെ മുഖത്തെ ദുഃഖമൊക്കെ മാഞ്ഞുപോയിരുന്നു.

അവര്‍ പറഞ്ഞു,” പ്രഭോ , ഞാന്‍ ധാരാളം വീടുകളില്‍ കടുകന്വേഷിച്ചുപോയി. മരണം നടക്കാത്ത ഒറ്റ കുടുംബത്തേയും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കടുകും ലഭിച്ചില്ല.ഓരോ വീട്ടിലും ചെല്ലുമ്പോള്‍ അവര്‍ എന്തിനാണ് കടൂകന്വേഷിച്ചു നടക്കുന്നത് എന്നു ചോദിച്ചു. അപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.ഞാന്‍ ചെന്നീട്ടുള്ള എല്ലാ വീടുകളിലും മരണം നടന്നിട്ടുണ്ടെന്ന് എനിയ്ക്കു മനസ്സിലായി.പല വീടുകളില്‍ നിന്നും ദുഃഖ സാന്ദ്രമായ കഥകളും ഞാന്‍ കേട്ടു. അതിനാല്‍ എനിയ്ക്കു നേരിട്ട ദുഃഖവും അവര്‍ക്കു നേരിട്ടതുപോലെയെന്നു ഞാന്‍ മനസ്സിലാക്കി. അങ്ങനെ എന്റെ ദുഃഖത്തിന് ശമനം വന്നു. “


ബുദ്ധഭഗവാന്‍ അവരെ അനുഗ്രഹിച്ച് യാത്രയാക്കി.



ഈ കഥ പറഞ്ഞശേഷം താഴെ കോടുത്തീട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ക്ലാസ്സില്‍ അവതരിപ്പിയ്ക്കുവാന്‍ കുട്ടികളോട് ടീച്ചര്‍ ആവശ്യപ്പെട്ടു.



1.മരണം നടക്കാത്ത വീട് ഇല്ല എന്നറിവുണ്ടായീട്ടും എന്തുകൊണ്ടാണ് ബുദ്ധഭഗവാന്‍ ആ അമ്മയോട് മരണം നടക്കാത്ത വീട്ടില്‍നിന്നും കടുക് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടത് ?

2.ബുദ്ധഭഗവാന് മരണത്തെപ്പടിയുള്ള യാഥാര്‍ത്ഥ്യം പറഞ്ഞുകൊടുക്കാമായിരുന്നില്ലേ.മറിച്ച് ,എന്തുകൊണ്ടാണ് ആ അമ്മയെ പലവീടുകളിലും ഒരാഴ്ചക്കാലം കടുകന്വേഷിപ്പിച്ച് പറഞ്ഞയച്ചത് ?

3.കടുകന്വേഷിച്ച് ആ അമ്മ ഒരാഴ്ചക്കാ‍ലം നടന്നു. ഇതില്‍നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് ?

4.ഒരാഴ്ചകൊണ്ട് ആ അമ്മയ്ക്കുണ്ടായ മാനസിക പരിവര്‍ത്തനത്തിനു കാരണമെന്ത് ?

5.നീന്തല്‍ (swimming ) എങ്ങനെയാണ് നടത്തേണ്ടതെന്ന് വായിച്ച് മനസ്സിലാക്കി നീന്താനിറങ്ങിയാല്‍ നീന്താന്‍ കഴിയില്ല. എന്തുകൊണ്ട് ?

6.കാര്‍ ഡ്രൈവിംഗ് എങ്ങനെയാണെന്ന് പുസ്തകത്തിലൂടെ വായിച്ചുമനസ്സിലാക്കി കാര്‍ ഡ്രൈവ് ചെയ്യാന്‍ പുറപ്പെട്ടാല്‍ ശരിയാവില്ല. എന്തുകൊണ്ട് ?


ക്രോഡീകരണം


കുട്ടികള്‍ ഉത്തരങ്ങള്‍ അവതരിപ്പിയ്ക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ ചര്‍ച്ച നടക്കുന്നു അവസാനം ടീച്ചര്‍ ക്രോഡീകരിയ്ക്കുന്നു.
‘’ഇതില്‍നിന്നൊക്കെപ്രവര്‍ത്തനം അഥവാ പരിശീലനം മാനസിക പരിവര്‍ത്തനത്തിന് ആവശ്യമാണ് എന്നുവരുന്നു. “



കടപ്പാട്--അദ്ധ്യാപക പരിശീലനത്തില്‍ നിന്നു ലഭിച്ച അറിവുകള്‍

5 comments:

Viswaprabha said...

കരിപ്പാറ മാഷേ!

പറാഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ട് ഈ പോസ്റ്റുകളെല്ലാം കാണുമ്പോള്‍!


ബ്ലോഗിങ്ങ് എന്ന ശക്തിമത്തായ ഉപകരണം എത്ര വസ്തുനിഷ്ഠമായാണ് അങ്ങ് ഉപയോഗിക്കുന്നത്!

ഏകാഗ്രചിത്തനായി തുടരുക. ഒരുപാട് ആളുകള്‍, ഇന്നല്ലെങ്കില്‍ നാളേ ഈ പേജുകളിലൂടെ വന്നുപോകും, അങ്ങേയ്ക്കു നന്ദി നേരും!

അശോക് said...

നല്ല ലേഖനം. ഈ രംഗത്തെ മാറ്റങ്ങളെ കുറിച്ചും മാറ്റതിന്റ്റെ അനിവാര്യതയെ കുറിച്ചുമുള്ള ചിന്തകളും പഠനങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.

സു | Su said...

നല്ല ലേഖനം. ഇനിയും ഇത്തരം അറിവുകള്‍ ബ്ലോഗിലൂടെ പകര്‍ന്ന് തരുമല്ലോ. ബ്ലോഗിലൂടെ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കാണുന്നതില്‍ സന്തോഷം.

അജി said...

വിഞ്ജാനം എന്നാല്‍ ഇതാണ്, തീര്‍ച്ചയായും എല്ലാ ബ്ലോഗേര്‍സ്സും, ഒരു തവണ മനസ്സില്ലാക്കേണ്ട, ഒത്തിരി അറിവുകള്‍.
മാഷേ അഭിനന്ദനം

ജയതി said...

very good