1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Tuesday, June 24, 2008

വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?

ഇന്നത്തെ ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയെയൊന്ന് ചോദിച്ചുപോയാല്‍ കുറ്റം പറയാനൊക്കുമോ ?
പണ്ടൊക്കെ തമാശമട്ടില്‍ ചില കാര്യങ്ങള്‍ പറയാറുണ്ട് .
‘’ശബ്ദമലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുക ‘’ . എന്നൊക്കെ . ആ‍രും അത് കാര്യമാക്കാറില്ല .
പക്ഷെ , ഇപ്പോള്‍ ..............
ഇതെങ്ങനെ സംഭവിച്ചു ?
വിമര്‍ശനാതമക ബോധനശാസ്ത്രത്തിന്റെ മുഖ്യവക്താവാണല്ലോ ബ്രസീലിലെ പൌളോഫ്രെയര്‍ . അദ്ദേഹത്തിന്റെ കാര്യവും ഇതുതന്നെയായിരുന്നു അവസ്ഥ . താന്‍ ജനിച്ച നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ബോധനാശാസ്ത്ര മാതൃക നവീകരിക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ് . എന്നിരിക്കലും പട്ടാളഭരണം നാട്ടില്‍ കൊടികുത്തിവാണപ്പോള്‍ അദ്ദേഹത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു . തുടര്‍ന്ന് രാജ്യദ്രോഹിയെന്നാരോപിച്ച് നാട്ടില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
നാട്ടിലെ നിലനില്‍ക്കുന്ന അധികാരസ്ഥാനങ്ങളേയും വിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നതിന് വിമര്‍ശനാത്മക ബോധനശാസ്ത്രം വ്യക്തിയെ പ്രാപ്തനാക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ , ഇങ്ങനെ ശരണ്യനാവുന്ന വിഭാഗം ശക്തിമാനാണെങ്കില്‍ എന്തു സംഭവിക്കും ? തീര്‍ച്ചയായും ശക്തിയായ എതിര്‍പ്പുണ്ടാകും . ശക്തിയില്ലാത്തവര്‍ സമൂഹത്തില്‍ ചൂഷണം നടത്താറില്ലല്ലോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാലം കഴിയുന്തോ‍റും സമൂഹത്തില്‍ ഉണ്ടാകുക സാധാരണയാണ് . പക്ഷെ , അതിനെ മതമായാലും പാര്‍ട്ടിയായാലും മറ്റ് സംഘടനകളായാലും വ്യക്തിയായാലും തിരുത്തേണ്ടെ ? അല്ലെങ്കില്‍ തിരുത്തപ്പെടേണ്ടതല്ലേ
അതുകൊണ്ട് തന്നെ വിമര്‍ശനാതമക ബോധനരീതികള്‍ വിമര്‍ശിക്ക പ്പെടുമെന്നതില്‍ സംശയമുണ്ടോ ?
അത് അതിന്റെ അനിവാ‍ര്യതയാണ് . ആ അനിവാര്യതയോ ഒഴിച്ചുകൂടാനാവാത്തതും !!!!!
വിമര്‍ശനാത്മക ബോധനശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക

Thursday, June 05, 2008

കൊടുങ്ങല്ലൂര്‍, മേത്തല ബാലാനുബോധിനി യു.പി.സ്കൂളില്‍ റേഡിയോ നിലയം തുടങ്ങി.

കേരള ചരിത്രത്തിലാദ്യമായാണ് ഒരു യു.പി സ്കൂള്‍ റേഡിയോ നിലയം തുടങ്ങുന്നത് . ആ പദവിക്കര്‍ഹമാകുന്നതോ കൊടുങ്ങല്ലൂരിനടുത്തുള്ള മേത്തല ബാലാനുബോധിനിസ്കൂളും!
1899 ല്‍ ജ്ഞാനാര്‍ത്ഥദായനി സഭയുടെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം ഉപജില്ലയിലെ യു.പി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സ്കൂളാണ് .
ഈ സ്കൂളില്‍നിന്ന് പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത രംഗത്തുണ്ട് .
സ്കൂലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 80.3 ഫ്രീക്വന്‍സിയില്‍ റേഡിയോ പ്രക്ഷേപണം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ , പഠനത്തെ സഹായിക്കുന്ന പ്രോഗ്രാമുകള്‍ , കലാപരിപാടികള്‍ , പ്രിന്‍സിപ്പലിന്റെ അറിയിപ്പുകള്‍ , നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂളില്‍നിന്നുള്ള അറിയിപ്പുകള്‍ , വിദ്യാര്‍ത്ഥികളുടെ മികവുകള്‍ ,ദിനാചരണങ്ങള്‍ എന്നിവ ശ്രവിക്കാനാകും .എല്ലാ ക്ലാസ് മുറികളിലും റേഡിയോ സജ്ജമാക്കിയിട്ടുണ്ട് .ഇതുവഴി പ്രധാന അദ്ധ്യാപകന് ഒരോ ക്ലാസ് മുറിയിലേക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനാകുമെന്നത് പദ്ധതിയുടെ നേട്ടമാണ് .

എ.ഇ.ഒ ശ്രീമതി ടി.കെ. മീരാഭായ് , ബി.ആര്‍.സി പ്രോഗ്രാം ഓഫീസര്‍ സി.എ രഞ്ജിത് , കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല അദ്ധ്യാപകനായിരുന്ന വി.എസ് ശ്രീജിത് , സ്കൂളിലെ അദ്ധ്യാപകരായ എന്‍.ജി . ജയറാം .കെ. ആര്‍ .രജി എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്

Wednesday, June 04, 2008

വിമര്‍ശനാത്മകപഠനം : ഒരു ചോദ്യാവലി.

1.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം പാഠപുസ്തക പരിഷ്കരണപാതയിലാണ് . നിരന്തരം പുതുക്കല്‍ അനിവാര്യമാണോ ?

2.താങ്കള്‍ ജനാധിപത്യവിശ്വാസിയാണോ ? ജനാധിപത്യമെന്നത് ...................... പഠിപ്പിക്കേണ്ട ആശയമാണ് ( പാലിക്കേണ്ട ഒരു ജീവിത രീതിയാണ് , സാ‍മൂഹ്യക്രമമാണ്

* വിദ്യാലയത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാം ?

*കുടുംബത്തിലെ ജനാധിപത്യം എത്രത്തോളം ആകാം ?

*എന്തുകൊണ്ടാണ് താങ്കള്‍ ഇത്രയും ചോദ്യങ്ങള്‍ സ്വയം ചോദിക്കാത്തത് ?


*എന്തുകൊണ്ടാണ് താങ്കള്‍ ജനാധിപത്യരീതികള്‍ പൂര്‍ണ്ണമായും സ്വാംശീകരിക്കാത്തത് ?

*വയനാട് ഗോഖലെ നഗര്‍ എ.എന്‍.എം.യു.പി.സ്കൂളില്‍ ഇപ്പോള്‍ പി.ടി.എ അല്ല ഉള്ളത് അവിടെ പി.പി.ടി.എ രൂപീകരിച്ചു.( വിദ്യാര്‍ത്ഥി - അദ്ധ്യാപക രക്ഷാകര്‍തൃസമിതി ) ഈ വിദ്യാലയം നിലവിലുള്ള രീതികളെ വിമര്‍ശനാത്മകമായി പരിശോധിച്ചൂവോ ? എങ്കില്‍ എന്തെല്ലാം ചോദ്യങ്ങള്‍ ആകും അവര്‍ സ്വയം ചോദിച്ചിട്ടുണ്ടാവുക

3.ബ്രിട്ടീഷ് ഭരണവും ഇന്ത്യയുടെ വികസനവും .
ബ്രിട്ടീഷുകാര്‍ ആധുനിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തി. റോഡ് , റെയില്‍ , ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പേടുത്തി, ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കി.
അക്കാലത്ത് ബ്രിട്ടീഷ് വികസനമാതൃകയെ വിമര്‍ശനാത്മകമായി സമീപിച്ച് ദേശാഭിമാനികള്‍ എന്തെല്ലാം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടാവും ?

4.പപ്പായ / ഓമ പുരക്കുമീതെ വളര്‍ന്നാല്‍ മരണം നിശ്ചയം എന്നൊരു ധാരണ കേരളത്തില്‍ ചിലയിടങ്ങളിലുണ്ട് . ഈ ബോധം തിരുത്താന്‍ കുട്ടി നിര്‍മ്മിക്കാന്‍ അറിവുകള്‍ എന്തെല്ലാം ?

5.വിമര്‍ശനാതമക ബോധനരീതിക്ക് ബാധകമായവ ടിക് ചെയ്യുക ( ടിക്ക് ചെയ്യുന്നതിന് യുക്തിയുടെ പിന്‍ബലം ഉണ്ടായിരിക്കണം )

*എന്തിനേയും എതിര്‍ക്കാനുള്ള ശീലങ്ങള്‍ രൂപപ്പെടുത്തുക

*ഒരു പ്രശ്നത്തെ /വസ്തുതയെ /പാഠത്തെ / പ്രവണതയെ /പ്രതിഭാസത്തെ സാമൂഹിക പക്ഷത്തുനിന്നുകൊണ്ട് വീക്ഷിക്കുക .

*ആരുടെ താല്പര്യങ്ങളാണ് ഉള്ളടക്കം സംരക്ഷിക്കുന്നത് , നിഷേധിക്കുന്നത് എന്ന് പരിശോധിക്കുക

*കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ വിശകലനം ചെയ്ത് നിലപാടുകള്‍ സ്വീകരിക്കുക

*കുറ്റങ്ങളും കുറവുകളും കണ്ടെത്തുക

*പ്രത്യേക വിഭാഗത്തെ അനര്‍ഹമായി ഉയര്‍ത്തികാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക , ഏതെങ്കിലും വിഭാഗത്തെ തമസ്കരിക്കുന്നുണ്ടൊ എന്ന് പരിശോധിക്കുക

*ഏതെങ്കിലും വിവേചനപരമായ ആശയങ്ങള്‍ , പ്രയോഗങ്ങള്‍ നിര്‍ദ്ദോഷമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക .

*ഒരു പ്രശ്നം ഉളവാ‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ആരെ ബാധിക്കുമെന്ന് കണ്ടെത്തുക

*എതിര്‍പക്ഷത്തിന്റെ ആശയങ്ങളെ പ്രതിരോധിക്കാ‍നുള്ള തര്‍ക്കവാദങ്ങള്‍ നിരത്തുക

*സൃഷ്ടിപരമായ നിലപാടുകള്‍ സ്വീകരിക്കുക

*ഒരു പ്രശ്നത്തെ അതിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍നിന്നും വേര്‍പെടുത്തി വിശകലനം ചെയ്യുക

6.വിമര്‍ശനാത്മക പഠനം സാധ്യമാക്കുന്നതില്‍ അധ്യാപകന്റെറോള്‍ എന്ത് ?


( അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

Monday, June 02, 2008

ഒരു കുട്ടിയുടെ പ്രശ്നം ...............

സെറിബ്രല്‍ പാള്‍സി എന്ന ചലനവൈകല്യമുള്ള കുട്ടിയാണ് ശിഹാബുദീന്‍ .വട്ടേനാട് ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പ്രായത്തിനനുസരിച്ച മാനസികവളര്‍ച്ച ആയിട്ടിലെങ്കിലും കേള്‍ക്കുകയും കാണുകയ്യും ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാ‍ക്കാനുള്ള കഴിവുണ്ടവന് . എന്നാല്‍ പേശീചലനം ഏകോപിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് ആശയങ്ങള്‍ എഴുതിപ്രകടിപ്പിക്കാന്‍ കഴിയില്ല. ഇതുമൂലം ഒന്നാം ടേം മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ വിഷയങ്ങളിലും ഇവന് സ്കോറൊന്നും കിട്ടിയില്ല. എന്നാല്‍ രണ്ടാം ടേം മൂല്യനിര്‍ണ്ണയത്തിന്റെ മലയാളം ഉത്തരക്കടലാസ് നോക്കിയ ഗീതടീച്ചര്‍ക്ക് ശിഹാബുദീന്‍ എഴുതിയതില്‍ എന്തൊക്കെയുണ്ടെന്ന് തോന്നി. ടീച്ചര്‍ അവനെ വിളിച്ചുവരുത്തി ഉത്തരക്കടലാ‍സ് വായിപ്പിച്ചു. വിക്കി വിക്കി അവന്‍ വായിച്ചതു മുഴുവന്‍ ശരിയുത്തരങ്ങളായിരുന്നു.ഉടനെ ഈ വിവരം ടീച്ചര്‍ മറ്റ് അദ്ധ്യാപകരെ അറിയിച്ചു.അവരും ഇതേപോലെ ചെയ്തപ്പോള്‍ ശിഹാബുദീന് എല്ലാവിഷയത്തിലും സ്കോര്‍ ലഭിച്ചു. എഴുതാന്‍ പ്രയാസമുള്ള കുട്ടിയായതിനാല്‍ കുറച്ചേ എഴുതിയിരുന്നുള്ളൂ.അതുകൊണ്ട് ലഭിച്ച സ്കോറും കുറവായിരുന്നു.
കാര്യങ്ങള്‍ മാറിയത് അവസാന ടേമിലായിരുന്നു.ശിഹാബുദ്ദീന്റെ അപ്പോഴത്തെ ക്ലാസ് അദ്ധ്യാപിക മാറി പുതിയൊരാള്‍ ചാര്‍ജ്ജടുത്തു. ഈ ടീച്ചറാണ് പ്രോമോഷന്‍ ലിസ്റ്റ് തയ്യാറാക്കിയത് . റിസല്‍ട്ട് വന്നപ്പോള്‍ ശിഹാബുദീന്‍ എട്ടാം ക്ലാസില്‍ തോറ്റു. മറ്റ് അധ്യാപകര്‍ കുറേ കഴിഞ്ഞാണ് വിവരങ്ങള്‍ അറിയുന്നത് . അപ്പോഴേക്കും പ്രൊമോഷന്‍ ലിസ്റ്റ് അംഗീകാരത്തിനായി ഡി.ഇ.ഒ യ്ക്ക് സമര്‍പ്പിച്ചിരുന്നു.ശിഹാബുദീന്‍ ഒരു കൊല്ലംകൂടി എട്ടില്‍ തന്നെ.
1.ക്ലാസ് കയറ്റം കിട്ടുവാന്‍ ശിഹാബുദീന് അര്‍ഹതയുണ്ടോ ?
2.ക്ലാസ് കയറ്റം കിട്ടാത്തതില്‍ ശിഹാബുദീനിന്റെ ഭാഗത്തുള്ള തെറ്റെന്ത് ?
3.പ്രോമോഷന്‍ ലിസ്റ്റ് തയ്യാറാക്കിയ അദ്ധ്യാപികയെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനൊക്കുമോ ?
4.ഇത്തരത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ ?
5.ഇത്തരം അനുഭവങ്ങള്‍ ഒഴിവാക്കാനെങ്ങനെ കഴിയും ?
6.പുതിയ പഠനരീതി ഇതിനെന്തെങ്കിലും ഉപാധികള്‍ മുന്നോട്ടുവെക്കുന്നുണ്ടോ ?

അദ്ധ്യാപകര്‍ മുകളില്‍ കൊടുത്ത ചര്‍ച്ചാസൂചകത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തുന്നു.
ഗ്രൂപ്പ് ലീഡര്‍മാര്‍ അത് അവതരിപ്പിക്കുന്നു.
അങ്ങനെ ഒരു Student Profile വേണമെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു.
കുട്ടിയെക്കുറിച്ച് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളൂന്നതായിരിക്കണം ഇത്തരമൊരു ഫലല്‍ എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉരുത്തിരിയുന്നു.
തുടര്‍ന്ന് ഇത്തരമൊരു രേഖയില്‍ എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു.
ആര്‍.പി .ക്രോഡീകരിക്കുന്നു.
Student Profile ഇന്നയിന്ന ഇനങ്ങള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍ നിന്ന് )

Sunday, June 01, 2008

ഒരു അദ്ധ്യാപകന്റെ ഡയറിക്കുറിപ്പ്

2007 ജുണ്‍ 15...
നാട്ടിലേക്ക് സ്ഥലം മാറിവന്നതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. 8 E ക്ലാസിലായിരുന്നു ആദ്യ പിരീഡ് . സ്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ സീന ടീച്ചര്‍ പറഞ്ഞതനുസരിച്ച് ഭൌതികശാസ്ത്രപുസ്തകത്തിലെ ആദ്യപാഠത്തിലെ ആദ്യ C.O യുടെ DLP യുമായാണ് ക്ലാസില്‍ എത്തിയത് . അമ്പരപ്പും അവിശ്വാസവും നിറഞ്ഞ മുഖമായിരുന്നു ക്ലാസിലാകെ . സീന ടീച്ചര്‍ സ്ഥലം മാറിപ്പോയത് കുട്ടികള്‍ അറിഞ്ഞിരുന്നില്ല. പരിചയപ്പെടുത്തല്‍ കഴിഞ്ഞ് ടിപ്പ് ആക്ടിവിറ്റിയിലൂടെ പഠനപ്രവര്‍ത്തനത്തിലേക്കുനീങ്ങി. രണ്ട് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിക്കുവാനുണ്ടായിരുന്നത് . കുട്ടികള്‍ താഴ്‌ന്ന ക്ലാസില്‍ പരിചയപ്പെട്ട വസ്തുതകളുടെ തരംതിരിക്കലായിരുന്നു ആദ്യവര്‍ക്ക്‍ ഷീറ്റിലെ പ്രവര്‍ത്തനം . രണ്ടാമത്തെ വര്‍ക്ക്ഷീട് എട്ടിലെ സി. ഒ യുമായി ബന്ധപ്പെട്ടതായിരുന്നു.കുട്ടികള്‍ പെട്ടെന്ന് ഗ്രൂപ്പുകളായി .പിരീഡ് കഴിഞ്ഞീട്ടും കൊടുത്ത ആദ്യവര്‍ക്ക്ഷീറ്റുപോലും പൂര്‍ത്തീകരിക്കാന്‍ ആകെയുള്ള അഞ്ച് ഗ്രൂപ്പുകളില്‍ രണ്ട് ഗ്രൂപ്പിന് കഴിഞ്ഞതേയില്ല. ഗ്രൂപ്പില്‍ ഇടപെടുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാ‍നശേഷികളൊന്നും ഈ കുട്ടികള്‍ നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് . ക്ലാസില്‍നിന്ന് സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

( ഇത് ശ്യാം ജിത്ത് എന്ന അദ്ധ്യാപകന്റെ ഡയറിക്കുറിപ്പാണ് )
ഇനി താഴെപറയുന്നവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ കഴിയുമോ എന്ന് നോക്കൂ
1. ശ്യാംജിത്തിന് ഇങ്ങനെയൊരു അനുഭവമുണ്ടാകാന്‍ കാരണമെന്താണ് ?
2.പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാതിരിക്കാനുള്ള സാഹചര്യമെന്തായിരുന്നു ?
3.ഇത്തരം സാഹചര്യം നമുക്കും അനുഭവപ്പെട്ടീട്ടുണ്ടോ ?
4.ഇത് മറികടക്കാന്‍ നിങ്ങള്‍ ചെയ്തതെന്ത് ?
5.ശ്യാംജിത്ത് ഈ വിഷമം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുമോ ? ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കും ?
6.മാറിവരുന്ന ഒരദ്ധ്യാപകന് ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ശ്യാമിന് എന്തുചെയ്യാന്‍ കഴിയും ? സ്വന്തം ക്ലാസുകളില്‍ നമുക്ക്

എന്തുചെയ്യാന്‍ കഴിയും ?

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

വിമര്‍ശനാത്മക പഠനം - ഒരു കേസ് അവതരണം

കോട്ടയം ജില്ലയിലെ മാലം സര്‍ക്കാര്‍ യു.പി സ്കൂളിളിലെ കുട്ടികള്‍ ഏര്‍പ്പെട്ട ഒരു പ്രവര്‍ത്തനമാണ് ഇവിടെ പരാമര്‍ശിക്കുന്നത് . പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഡോക്ടറുടെ ഒരു ക്ലാസ്സും ലഘുലേഖാ വിതരണവും ഉണ്ടായിരുന്നു. ഡോക്ടറുമായി നടന്ന സംഭാഷണത്തില്‍ തങ്ങളുടെ പ്രദേശത്തെ എത്ര പുകവലിക്കാരുണ്ടാകുമെന്ന ചോദ്യം കുട്ടികളുടെ ഇടയില്‍ നിന്നു തന്നെയുണ്ടായി ,അതിനായി അവര്‍ സ്കൂള്‍ പ്രദേശത്ത് സര്‍വ്വേ നടത്തി . മുപ്പത്തിരണ്ട് പുകവലിക്കാരുണ്ടെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. എങ്കില്‍ ഇവര്‍ എത്ര പണം ഇതിനായി ചിലവഴിക്കുന്നുണ്ടാകുമെന്ന പ്രശ്നം ചിലര്‍ ഉന്നയിച്ചു. കടകളില്‍ പോയി ഒരു ദിവസം ചിലവാകുന്ന ഉല്പങ്ങളൂടെ വിലകണക്കാക്കി അത് വലിയൊരു തുകയാണെന്ന കാര്യം അവരെ അമ്പരപ്പിച്ചു.
‘പുകവലിച്ചു ജീവിതം തുലച്ചിടല്ലേ സോദരാ.................’ എന്ന സന്ദേശഗാനവും പാടിക്കൊണ്ട് കുട്ടികളുടെ സംഘം പുകവലിക്കാരുടെ വീടുകളില്‍ സന്ദരശനം നടത്തി. പുകവലിയിലൂടെ അര്‍ബ്ബുദരോഗം ബാധിച്ചുമരിച്ച ഒരാളുടെ പ്രതീകാത്മക ശവപ്പെട്ടിയുണ്ടാക്കി ഒരു യാത്രയും നടത്തി . അതിനുശേഷം പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിവരിക്കുന്ന സര്‍ക്കാര്‍ ലഘുലേഖ പ്രദേശത്തെ എല്ലാ വീ‍ീടുകളിലും നേരിട്ടുചെന്ന് വിതരണം നടത്തി . ഈ പ്രവര്‍ത്തനങ്ങള്‍ പകുതിവഴിയില്‍ എത്തിയപ്പോള്‍തന്നെ 28 പേര്‍ പുകവലി നിര്‍ത്തിയതായി അവര്‍ക്ക് അറിയാന്‍ കഴിഞ്ഞു.എറണാകുളം ജില്ലയിലെ ഒരു വിദ്യാലയത്തില്‍ ലോകപുകയില വിരുദ്ധദിനത്തൊടനുബന്ധിച്ച് ( മേയ് 31 ) കുറേ ലഘുലേഖകള്‍ എത്തി. ദിനാചരണത്തോട് അനുബന്ധിച്ച് പുകവലിയുടെ ദൂഷ്യത്തെക്കുറിച്ച് ഒരു കുറിപ്പ് സ്കൂള്‍ തുറന്നതിനുശേഷം നടന്ന അസംബ്ലിയില്‍ വായിച്ചു. ലഘുലേഖകള്‍ കുട്ടികള്‍ക്ക് വായനക്കായി വീട്ടിലേയ്ക് കൊടുത്തുവിടുകയും ചെയ്തു. അതോടെ പുകവലി വിരുദ്ധദിനാചരണത്തിന് സമാപനമായി.


1.ഒരേകാര്യം രണ്ട് വിദ്യാലയങ്ങളില്‍ നടന്ന കാര്യം ശ്രദ്ധിച്ചുവല്ലോ . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ അടുത്തത് ഏത് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ? എന്തുകൊണ്ട് ?
2.കുട്ടികളില്‍ യഥാര്‍ത്ഥ വിമര്‍ശാത്മക അവബോധം സൃഷ്ടിച്ചത് ഏത് വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനമാണ് ? പ്രവര്‍ത്തനങ്ങളെ അപഗ്രഥനത്തിന്റേയും പ്രതികരണത്തിന്റേയും തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മെച്ചമെന്ത് ?
3.പ്രതികരണത്തിന്റെ തലങ്ങള്‍ എന്തൊക്കെയാകാം ?
ചര്‍ച്ച , ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍.പിയുടെ ക്രോഡീകരണം
“ ശാസ്ത്രീയമായ പ്രതികരണ സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിന് യോജിച്ച തന്ത്രങ്ങള്‍ മെനയുന്നു. അറിവിന്റെ നിര്‍മ്മാണം നടക്കുന്നു. കുട്ടിയെ പൌരബോധത്തിലേക്ക് പിടിച്ചുകൊണ്ടുപോകാന്‍ കഴിയുന്നു.

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

എന്താണ് ടീച്ചേഴ്സ് ലോക്കല്‍ ടെക്സ്റ്റ് ( T.L.T) ?

അദ്ധ്യാപകന്റെ വിശദമായ തയ്യാറെടുപ്പുണ്ടെങ്കില്‍ മാത്രമേ പാഠ്യപദ്ധതി വിനിമയം ഫലപ്രദമാകൂ.
ഈ തയ്യാറെടുപ്പിന്റെ ഭാഗമായി അദ്ധ്യാപകന്‍ നടത്തുന്ന ആസൂത്രണത്തിന്റേയും പ്രവര്‍ത്തനങ്ങളുടെയും ഉല്‍പ്പന്നാമാണ് ടീച്ചേഴ്സ് ലോക്കല്‍ ടെക്സ്റ്റ് ( T.L.T) . ഇത് ഒരു ടീച്ചര്‍ രൂപപ്പെടുത്തുന്ന തന്റേതായ റിസോഴ്‌സ് ശേഖരണമാണ് . ഇതില്‍ വിദ്യാര്‍ത്ഥികളുടെ ശേഖരണങ്ങള്‍ , പ്രാദേശിക വിദഗ്ദ്ധരുടെ വൈദഗ്ദ്ധ്യം , റഫറന്‍സ് സാമഗ്രികളുടെ പിന്‍ബലം , മാദ്ധ്യമങ്ങളുടെ വിജ്ഞാന വിതരണ സംവിധാ‍നം ,കുട്ടി തയ്യാറാക്കുന്ന ഉല്പന്നങ്ങള്‍ , വിദ്യാലയത്തില്‍ ഉണ്ടായിരുന്ന തോട്ടങ്ങള്‍ , ലാബ് , പഠനയാത്രയുടെ അനുഭവങ്ങള്‍ , അഭിമുഖത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ , പ്രഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ , കവിതകള്‍ ,കഥകള്‍ തുടങ്ങി ഫലപ്രദമായ ക്ലാസ് റൂം വിനിമയത്തിനും ജ്ഞാനത്തിനും ജ്ഞാനനിര്‍മ്മിതിക്കും ടീച്ചര്‍ ആസൂത്രിതമായി ഉപയോഗിക്കുന്നതെല്ലാം റ്റി.എല്‍ .റ്റിയുടെ ഭാഗമാണ് .

റ്റി.എല്‍.റ്റി യുടെ ഘടകങ്ങള്‍

1.ദൈനംദിനാസൂത്രണ രേഖ
2.പാഠ്യ പദ്ധതി വിനിമയത്തിനായി അദ്ധ്യാപിക ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ സാമഗ്രികളും
3.കുട്ടികളുടെ അനുഭവങ്ങള്‍ ,ശേഖരണങ്ങള്‍ , ഉല്പന്നങ്ങള്‍ , മറ്റുപ്രകടിത രൂപങ്ങള്‍
4.പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മൂല്യനിര്‍ണ്ണയോപാധികള്‍
5.പാഠപുസ്തകം , ഹാന്‍ഡ് ബുക്ക് , ടീച്ചര്‍ സ്വയം വികസിപ്പിച്ചെടുത്ത പ്രവര്‍ത്തനങ്ങള്‍ , റഫറന്‍സുകള്‍ , പഠനോപകരണങ്ങള്‍


(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?

സ്കൂള്‍ തുറക്കാറായി . അതിനു മുന്‍‌പേ എന്തിനാ ഈ അദ്ധ്യാപക പരിശീലനം ?

അതോ , 1,3,5,7 എന്നീക്ലാസുകളില്‍ പാഠപുസ്തകങ്ങള്‍ മാറുകയാണ് . അതോണ്ടാ ?

അപ്പോള്‍ എന്തിനാ ഈ പാഠപുസ്തകം മാറുന്നത് ? അതിന്റെ ആ വശ്യമുണ്ടോ ?

വേണ്ടേ , പാഠപുസ്തകം മാറേണ്ടെ. ഇല്ലെങ്കില്‍ പുതിയ അറിവുകള്‍ നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുമോ ?

അപ്പോ അത് ശരിയാ പാഠപുസ്തകം മാറുകതന്നെ വേണം .

പക്ഷെ, എന്റെ ചോദ്യം അതല്ല. എങ്കില്‍‌പിന്നെ , ആ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുമാത്രം പോരേ ഈ അദ്ധ്യാപക പരിശീലനം ?

അതെങ്ങനെ ശരിയാകും ? പാഠപുസ്തകം മാത്രമല്ല , പഠിപ്പിക്കുന്ന സമ്പ്രദായവും മാറുകയാണ് . അതായത് ഇക്കൊല്ലം മുതല്‍ കേരളത്തിലെ

സ്കൂളുകളില്‍ പുതിയ ബോധനശാസ്തം ( Pedagogy ) ആണ് നടപ്പിലാക്കുന്നത് . അതുകൊണ്ടുതന്നെ എല്ലാ അദ്ധ്യാപകരും അത്

അറിഞ്ഞിരിക്കേണ്ടെ.

അത് ശരിയാ , അക്കാര്യം ഞാന്‍ ഓര്‍ത്തില്ല.

പക്ഷെ, പാഠപുസ്തകം മാറാത്ത ക്ലാസുകളിലെ അദ്ധ്യാപകര്‍ ഈ ബോധന ശാസ്ത്രം പഠിച്ച് എന്തുചെയ്യാന്‍ ?

വേണമെന്നുവെച്ചാല്‍ അവര്‍ക്കും പ്രയോഗത്തില്‍ വരുത്താന്‍ കഴിയും .പഴയ പാഠപുസ്തകത്തില്‍ അത്തരം സാദ്ധ്യതകള്‍ ഉണ്ടോ എന്നു

കണ്ടെത്തുകയ്യും അത് നടപ്പിലാക്കുകയും മാത്രമേ വേണ്ടൂ . അതിനുള്ള സ്വാതന്ത്രം അദ്ധ്യാപകര്‍ക്കുനല്‍കിയിട്ടുണ്ട് .

ഓ , അതു ശരി

അതായത് , പ്രിയ അദ്ധ്യാപക സുഹൃത്തേ , ഇതിനുള്ളില്‍ തന്നെ കേരളത്തിലെ എല്ലാ അദ്ധ്യാപകര്‍ക്കും പുതിയ ബോധനശാസ്ത്രത്തിലുള്ള

ട്രെയിനിംഗ് നടത്തിക്കഴിഞ്ഞു എന്നര്‍ത്ഥം .

താങ്കളും അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുത്തിരിക്കുമല്ലോ അല്ലേ .

തീര്‍ച്ചയായും ഉണ്ട് , എന്നിരിക്കലും ഇത്രയും താങ്കള്‍ ആമുഖമായി പറഞ്ഞ സ്ഥിതിക്ക് ഈ പുതിയ പാഠ്യപദ്ധതിയെക്കുറിച്ച് കൂടുതലായി അറിയാന്‍

ഞാന്‍ ആഗ്രഹിക്കുന്നു.

കൂടുതലൊന്നും ഇല്ല സുഹൃത്തേ , എല്ലാം താങ്കള്‍ കേട്ടതുതന്നെയാണ് എന്നിരുന്നാലും ഞാന്‍ പറയാം .
ഈ പുതിയ പഠിപ്പിക്കലിനെ അഥവാ ബോധനശാസ്ത്രത്തെ പറയുന്ന പേരാണ് വിമര്‍ശനാത്മക ബോധന ശാസ്ത്രം ( CRITICAL PEDAGOGY )
ഈ രീതിയുടെ പ്രസിദ്ധനായ ഉപജ്ഞാതാവാണ് പൌളോ ഫ്രെയര്‍ എന്ന വിദ്യാഭ്യാസ ചിന്തകന്‍ .

അദ്ദേഹത്തെ ക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാമോ ?
അദ്ദേഹം 1921 ല്‍ ബ്രസീലില്‍ ജനിച്ചു.
നിയമ പഠനമാണ് നടത്തിയതെങ്കിലും വക്കീലായി ജോലി നോക്കിയില്ല.
അതിനു പകരം ഒരു സെക്കന്‍ഡറി സ്കൂളില്‍ പോര്‍ച്ചുഗീസ് ഭാഷ പഠിപ്പിക്കുന്ന ടീച്ചര്‍ ആയാണ് ജോലി നോക്കിയത് .
1944 ല്‍ ലിസ എന്ന സഹപ്രവര്‍ത്തകയെ വിവാഹം ചെയ്തു. തുടര്‍ന്നുള്ള കാലം ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന്റെ

വിദ്യാഭ്യാസ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഒട്ടേറെ സഹായിച്ചു.
(അദ്ദേഹത്തിന്‍ അഞ്ച് കുട്ടികള്‍ ആ ബന്ധത്തില്‍ ഉണ്ടായി)
അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല പാവങ്ങള്‍ക്കിടയിലായിരുന്നു.
1961 ല്‍ അദ്ദേഹത്തെ Recif University യുടെ Department of Cultural extention ല്‍ ഡയറക്ടറായി നിയമിച്ചു.
അങ്ങനെ 1962 ല്‍ അദ്ദേഹത്തിന് തന്റെ സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിക്കാന്‍ ആദ്യത്തെ അവസരം ലഭിച്ചു.
( അക്കാലത്ത് ബ്രസീലിയന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ലഭിക്കാന്‍ എഴുത്തും വായനയും അറിയണമായിരുന്നു.)
അന്ന് അദ്ദേഹം 300 Sugar Cane Workers നെ 45 ദിവസങ്ങള്‍കൊണ്ട് എഴുത്തും വായനയും പഠിപ്പിച്ചു.
ഇത് ആത്മാര്‍ത്ഥമായ ശ്രമം കൊണ്ടുമാത്രമല്ല ;പുതിയ ബോധനരീതിയുടെ വിജയത്തേയും പ്രഖ്യാപിക്കുന്നതായിരുന്നു .
സംഗതി നാട്ടില്‍ പാട്ടായി.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നു.
അതിന് പ്രതികരണവും ഉണ്ടായി.
ഇത്തരത്തിലുള്ള പഠനസംഘങ്ങള്‍ ഔദ്യോഗികരീതിയില്‍ ഉണ്ടാക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇങ്ങനെ മുതിര്‍ന്നവരെ പഠിപ്പിക്കല്‍ നടക്കുമ്പോഴാണ് ആ ദുരന്തം ഉണ്ടായത് .
1964 ലെ പട്ടാള അട്ടിമറി ഈ സംരംഭത്തിന് അവസാനം കുറിച്ചു.
പൌളോ ഫ്രെയറിനെ 70 ദിവസത്തോളം രാജദ്രോഹിയെന്ന നിലയില്‍ തടങ്കലിലാക്കി.
അതിനുശേഷം പട്ടാള ഭരണാധികാരികളുടെ തീരുമാനപ്രകാരം അദ്ദേഹത്തെ സ്വന്തം ജന്മനാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അവിടെനിന്ന് അദ്ദേഹം ബൊളീവിയയില്‍ എത്തി.
പിന്നീട് ചിലിയില്‍ അഞ്ചുവര്‍ഷക്കാലം താമസിച്ച് പ്രവര്‍ത്തിച്ചു.
അവിടെ അദ്ദേഹം കൃസ്ത്യന്‍ , യു.എന്‍ - എന്നീ സംഘടനകളുമായാണ് സഹകരിച്ചു പ്രവര്‍ത്തിച്ചത് .
1967 ല്‍ അദ്ദേഹം തന്റെ ആദ്യ പുസ്തകമായ “ Education as the Practice of freedom " പ്രസിദ്ധീകരിച്ചു.
1968 ല്‍ "Pedagogy of the Oppressed " പ്രസിദ്ധീകരിച്ചു.
ഈ പുസ്തകം അന്താരാഷ്ട്രനിലയില്‍ പ്രസിദ്ധിനേടി .
ഇതിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ അദ്ദേഹത്തിന് Harvard University യുടെ Visiting Professorship ലഭിച്ചു.
അടുത്തവര്‍ഷം "Pedagogy of the Oppressed " സ്പാനിഷിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.
പക്ഷെ, കൃസ്ത്യന്‍ സോഷ്യലിസ്റ്റ് എന്ന നിലയില്‍ പിന്നീടുവന്ന പട്ടാള ഭരണാധികാരികളുമായി ഒത്തുപോകാത്തതിനാല്‍ 1974 വരെ ബ്രസീലില്‍

ഈ പുസ്തകം പ്രസിദ്ധീകരിച്ചില്ല.
പിന്നീട് ഒരു വര്‍ഷത്തെ കേംബ്രിഡ്ജ് വാസത്തിനുശേഷം ജനീവ , സ്വിസ്വര്‍ലണ്ട് എന്നിവടങ്ങളില്‍ Special Education Adviser എന്നനിലയില്‍

World Council Of Churches നു വേണ്ടി വര്‍ക്ക് ചെയ്തു.
ഈ കാലഘട്ടത്തില്‍ ഒരു Education Reformer എന്ന നിലയില്‍ ആഫ്രിക്കയിലെ മുന്‍ പോര്‍ട്ടുഗീസ് കോളനികളില്‍ സന്ദര്‍ശനം നടത്തി.

മതി , മതി , മാഷേ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതലായി പറയണമെന്നില്ല. അത് ഏതെങ്കിലും വെബ്ബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ കിട്ടുമല്ലോ ?
എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ് ?

എന്താണ് ക്രിട്ടിക്കല്‍ പെഡഗോഗി അഥവാ വിമര്‍ശനാതമക ബോധനശാസ്തം എന്ന് ചുരുക്കിപ്പറയാമോ ?

“ഇത് ഒരു അദ്ധ്യാപന സമീപനമാണ് . ഇത് സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളേയും , വിശ്വാസങ്ങളെയും , ആചാരങ്ങളേയും

ചോദ്യം ചെയ്യുവാനും വെല്ലുവിളിക്കുവാനും വിദ്യാര്‍ഥിയെ പ്രാപ്തനാക്കുന്നു.“

അതുശരി , അപ്പോള്‍ മാഷേ എനിക്ക് വേറൊരു സംശയം ? ഈ പൌളോ ഫ്രെയര്‍ കൃസ്ത്യന്‍ സോഷ്യലിസ്റ്റാണ് എന്നു പറയുന്നുണ്ടല്ലോ ?

അതെന്താണ്?
അതായത് , കൃസ്ത്യന്‍ സോഷ്യലിസ്റ്റ് എന്നൊരു കൂട്ടരുണ്ട് . അവര്‍ കൃസ്ത്യാനിറ്റിയേയും സോഷ്യലിസത്തേയും ബന്ധപ്പേടൂത്തി ചിന്തിക്കുന്നു.
ഒന്നു കൂടി വിശദമാക്കാമോ മാഷേ ?

ഞാന്‍ വിശദീകരണത്തിനു വേണ്ടി ഒരു പദം കൂടി പറയുന്നു.
അദ്ദേഹം ഒരു Religeous Left ആയിരുന്നു .ഈ പദം U.S.A യില്‍ ഉണ്ടായതാണ് . ഇത്തരക്കാര്‍ക്ക് ഉറച്ച മതവിശ്വാസം ഉണ്ടെങ്കിലും ഇവര്‍

ഇടതുപക്ഷചിന്താഗതിയുള്ളവരും ഇടതുപക്ഷരാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമായിരിക്കും .

ഓ , കാര്യം ഇപ്പോള്‍ മനസ്സിലായി .
അതാണ് അല്ലേ ശ്രീ കെ.എന്‍ . ഗണേഷ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മീറ്റിംഗില്‍ ‘ പുതിയ പാഠ്യപദ്ധതികൊണ്ടുവന്നത് ക്രൈസ്തവ

പുരോഹിതരാണെന്നു പറഞ്ഞത് .

വാസ്തവം തന്നെ
( അതിനന്റെ ലിങ്ക് ഇവിടെ)

ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി .
എന്താണ് വിമര്‍ശനാത്മകബോധനശാസ്തം എന്നത് . അപ്പോ എല്ലാ അദ്ധ്യാപകരും ഇത് പരിശീലിക്കേണ്ടതാണ് അല്ലേ

തീര്‍ച്ചയായും . അതുകൊണ്ടാണ് കേരളത്തിലെ എല്ലാ അദ്ധ്യപകര്‍ക്കും എല്‍ .പി, യു.പി ,ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി എന്നീ

വിഭാഗങ്ങളിലെ എല്ലാ അദ്ധ്യാപകര്‍ക്കും ആ‍ദ്യത്തെ രണ്ടുദിവസം പൊതുവായ മോഡ്യൂള്‍ നല്‍കിയത് . ആദ്യത്തെ രണ്ടുദിവസം ക്രിട്ടിക്കല്‍

പെഡഗോഗിയാണ് എല്ലാവര്‍ക്കും പരിശീലനം നല്‍കിയത് . തുടര്‍ന്ന് വിഷയാധിഷിതവും .

ഒ.കെ മാഷെ,ഇനി ഓരോ വിഷയവും എങ്ങെനെ ഈ ക്രിട്ടിക്കല്‍ പെഡഗോഗി പ്രകാരം പഠിപ്പിക്കുന്നു എന്ന് മനസ്സിലാകാന്‍ എന്താണ് വഴി ?

അത് അടുത്ത പോസ്റ്റില്‍ ..........

അടൂത്ത പോസ്റ്റ് : വിമര്‍ശനാത്മക ബോധനശാസ്ത്രം - ഫിസിക്സിലൂടെ

(അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന്