1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Wednesday, May 30, 2007

കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ ?(പ്രകൃതിദര്‍ശനം)



പ്രശസ്ഥ പ്രകൃതി ചികിത്സകനായ ഡോ .ജോണ്‍ .എച്ച് . ടില്‍‌ഡന്റെ അഭിപ്രായമാണ് ഇവിടെ വിലയിരുത്തുന്നത്


ശിശുക്കളെ സംബന്ധിച്ചുള്ളവ


1.കുട്ടികളെ അതിരുവിട്ട് ലാളിയ്ക്കരുത്

2.അവരെ ശക്തിയേറിയ വെളിച്ചത്തില്‍ കിടത്തരുത്

3.ഉറക്കെയുള്ള സംസാരം,ശബ്ദകോലാഹലം,അമിതമായ ചൂട് ,തണുപ്പ് എന്നിവയും ഏല്‍ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

4.നന്നേ ചെറിയ കുട്ടികളെ മുഴുവന്‍ നേരവും ഉറങ്ങുവാന്‍ കഴിയത്തക്കവണ്ണം ശാന്തരായി സംരക്ഷിയ്ക്കണം

5.വസ്ത്രങ്ങള്‍ മാറ്റുവാനും കുളിപ്പിയ്ക്കുവാനുമല്ലാതെ അവരെ ഉണര്‍ത്തരുത് ( കുഞ്ഞിനെ കാണുവാന്‍ വരുന്ന അതിഥിയെ തൃപ്തിപ്പെടുത്താനായി ചിലര്‍ കുഞ്ഞിനെ ഉണര്‍ത്തുന്ന കാര്യം ഇവിടെ സ്മരണീയം )

6.അവര്‍ വാശിപിടിയ്ക്കുമ്പോഴൊക്കെ അവരെ എടുക്കരുത് . അവരെ നനവേല്‍ക്കാതിരിയ്ക്കുകയും തിരിച്ചുകിടത്തുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ

7.ചെറിയ കുട്ടികള്‍ക്ക് നാലുമണിക്കൂര്‍ കൂടുമ്പോഴല്ലാതെ മുലയൂട്ടരുത് . അവര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ലെങ്കില്‍ അത്രയുംവേണ്ട. ഭക്ഷണം കൊടുക്കാന്‍‌വേണ്ടി അവരെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തരുത് .

8.കുട്ടികള്‍ക്ക് വിനോദമൊന്നും ഉണ്ടാക്കികൊടുക്കേണ്ടതില്ല.അവരെ ഒറ്റയ്ക്കുവിട്ടാല്‍ അവര്‍ അവരെത്തന്നെ സ്വയം പരിചയപ്പെടാന്‍ തുടങ്ങും .അതുതന്നെ അവര്‍ക്കൊരു വിനോദമാണ്.



ബാലന്മാരെ സംബന്ധിച്ചുള്ളവ


1.അമിതമായി കളിയ്ക്കാന്‍ കുട്ടികളെ അനുവദിയ്ക്കരുത്

2.പഠനം,പരീക്ഷകള്‍,താല്പര്യമില്ലാത്ത വ്യായാമങ്ങള്‍, പലതരത്തിലുള്ള മത്സരപ്പരീക്ഷകള്‍ എന്നിവയ്ക്കൊപ്പം ഭക്ഷണത്തോടുള്ള ആര്‍ത്തി ഭീമമായി വര്‍ദ്ധിയ്ക്കും.(ഈ അവസരത്തില്‍ ഭക്ഷണം കഴിയ്ക്കുക എന്നത് ഒരു സുഖമായി കണക്കാക്കുന്നു.)

3.ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കരുത് . അത് തൂക്കം കൂടുന്നതിന്‍ ഇടയാക്കും(ചില അമ്മമാരുടെ സ്ഥിരം പരാതിയാണ് തന്റെ കുട്ടി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത് . ആ പരാതിയ്ക്ക് കഴമ്പില്ല എന്ന കാര്യം മനസ്സിലാക്കുക )

4.തങ്ങള്‍ക്കിഷ്ടപ്പെട്ടത് കിട്ടാന്‍ വേണ്ടി കുട്ടികള്‍ രോഗം അഭിനയിയ്ക്കാറുണ്ട്.( മുതിര്‍ന്നവരും ഓര്‍ക്കുക ; അവരുടെ കുട്ടിക്കാലം!!)

5.കുട്ടികളെ അമിതമായി ലാളിയ്ക്കരുത്.

6.കുട്ടികളെ നിയന്ത്രിയ്ക്കാതിരിയ്ക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ് .അനുസരിയ്ക്കാന്‍ അവരെ നിര്‍ബന്ധിയ്ക്കണം.(കുട്ടികളെ സ്വത്രന്ത്രരായി വിടുക എന്ന ചിന്താഗതി ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് പല പ്രശ്നങ്ങളും ഉണ്ടാക്കിയീട്ടുള്ള കാര്യം ഇവിടെ സ്മരണീയം)

7.കുട്ടികളെ ഭയപ്പെടുത്തരുത് .അവരെ ഇരുട്ടിനെ ഭയപ്പെടാന്‍ പഠിപ്പിയ്ക്കരുത് ( ചില അമ്മമാര്‍ ഇത് ചെയ്യുന്നുണ്ട് ; അവര്‍ അത് തിരുത്തുകതന്നെ വേണം!)

8.കുട്ടികളുടെ മുന്‍പില്‍‌വെച്ച് മാതാപിതാക്കള്‍ കലഹിയ്ക്കരുത് .(അടുക്കളയില്‍ നിന്ന് വനിതകള്‍ അരങ്ങത്തേയ്ക്ക് വന്നതോടൂകൂടി ഈ പ്രശ്നം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത് .)

9.മാതാപിതാക്കളെ ബഹുമാനിയ്ക്കാന്‍ കഴിയാത്തവന് ഒരു പ്രവിശ്യയുടേയോ രാഷ്ട്രത്തിന്റെയോ നിയമത്തെ ബഹുമാനിയ്ക്കാനാവുകയില്ല.

10.മാതാപിതാക്കള്‍ വിലവെയ്ക്കാത്ത നിയമത്തെ കുട്ടികള്‍ അനുസരിയ്ക്കുകയില്ല.

11.ഭയത്തിന്റെ അന്തരീക്ഷത്തില്‍ ഒരു കുട്ടിയ്ക്ക് വികസിയ്ക്കാനാവുകയില്ല

Tuesday, May 29, 2007

വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് പ്രവര്‍ത്തനം--ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങള്‍



പുതിയ വിദ്യാഭ്യാസരീതിയില്‍ ടീച്ചറുടെ സ്ഥാനം വിദ്യാര്‍ത്ഥിയെ പഠനത്തിന് സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണല്ലോ.ടീച്ചര്‍ ക്ലാസ്സെടുക്കുകയും കുട്ടികളെല്ലാം ശ്രദ്ധിച്ചിരിയ്ക്കുകയും ചെയ്യുന്ന രീതി പ്രക്രിയാധിഷ്ഠിത ക്ലാസ് റൂമിന് എതിരാണല്ലോ.



മുന്നൊരുക്കം


അദ്ധ്യാപനത്തിന് മുന്നൊരുക്കം വേണമെന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ.പക്ഷെ, ഈ മുന്നൊരുക്കം Content ന്റെ കാര്യത്തില്‍ മാത്രമല്ല Teaching Methord ന്റെ കാര്യത്തിലും വേണമെന്നതാണ് ഇവിടെ എടുത്തുപറയത്തക്കകാര്യം.. ഓരോരോ സി. ഓ കള്‍ (Curriculam Objectives ) ട്രാന്‍സാക്റ്റ് ചെയ്യേണ്ടതെങ്ങനെ എന്ന കാര്യം വ്യക്തമായി പ്ലാന്‍ ചെയ്താല്‍ മാത്രമേ അദ്ധ്യാപനത്തില്‍ വിജയിക്കുകയുള്ളൂ.



ഇക്കാര്യങ്ങള്‍ക്കുവേണ്ടി ,Hand Book, Source Book,മറ്റുഗൈഡുകള്‍,മറ്റ് റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം.അദ്ധ്യായം മുഴുവനായി വായിച്ച് ഹാന്‍ഡ് ബുക്കില്‍ പറഞ്ഞീട്ടുള്ള ശേഷികള്‍ വ്യക്തമായി മനസ്സിലാക്കണം. അതിനുശേഷം പ്രസ്തുത അദ്ധ്യായത്തിലെ ശേഷികള്‍ കുട്ടികള്‍ക്ക് കൈവരിയ്ക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിയ്ക്കണം. ക്ലാസ്സിനകത്തും പുറത്തും പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിയ്ക്കാം.കുട്ടിനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ധ്യാപകന്റേയോ രക്ഷിതാവിന്റേയോ മേല്‍നോട്ടം ആവശ്യമാണ്. (ചിലപ്പോള്‍ ചില പരീക്ഷണങ്ങള്‍ കുട്ടികള്‍ ,അമിത താല്പര്യം മൂലം , വീട്ടില്‍‌വെച്ച് ചെയ്യാറുണ്ട്. രക്ഷാകര്‍ത്താവില്ലാതെ ,ഒറ്റയ്ക്ക് ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങള്‍ അപകടത്തില്‍ കലാശിയ്ക്കുവാന്‍ സാദ്ധ്യതയുണ്ട്.)




ഗ്രൂപ്പ് തിരിയ്ക്കല്‍ അഥവാ ഗ്രൂപ്പിഗ് തന്ത്രം


പ്രവര്‍ത്തനങ്ങള്‍ എഴുതി തയ്യാറാക്കിയ ശേഷം അദ്ധ്യാപകന്‍ ക്ലാസ്സില്‍ചെന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കിതിരിയ്ക്കുന്നു.

ഗ്രൂപ്പിന്റെ പേര്,ഗ്രൂപ്പ് ലീഡറുടെ പേര്, ഗ്രൂപ്പ് അംഗങ്ങളുടെ പേര് എന്നിവ ഈ ഘട്ടത്തില്‍ ആവശ്യമുള്ള ഘടകങ്ങളാണ്.

അദ്ധ്യാപകന്റെ മുന്നൊരുക്കത്തില്‍ത്തന്നെ ഗ്രൂപ്പുകള്‍ക്കുനല്‍കേണ്ടപേരുകള്‍ അദ്ധ്യാപകന്‍ കണ്ടെത്തിയിരിയ്ക്കും.ഗ്രൂപ്പുകള്‍ക്കു പേരുകണ്ടെത്തുന്നതില്‍ അദ്ധ്യാപകന്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതായത് ഈ പേരുകള്‍ പുതിയ പാഠഭാഗത്തില്‍ കുട്ടികള്‍ക്കു പഠിയ്ക്കാനുള്ളതായിരിയ്ക്കണമെന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ടതാണ്.


ഗ്രൂപ്പ് തിരിഞ്ഞുള്ള പഠനരീതിയെക്കുറിച്ച് അദ്ധ്യാപകന്‍ വ്യക്തമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ അത് പല ‘അച്ചടക്ക ‘ പ്രശ്നങ്ങളും സൃഷ്ടിയ്ക്കും.ഗ്രൂപ്പ് ലീഡര്‍ക്ക് സ്വന്തം കര്‍ത്ത്യവ്യങ്ങള്‍ ടീച്ചര്‍ വ്യക്തമായി പറഞ്ഞുകൊടുക്കണം.


ഗ്രൂപ്പ് തിരിഞ്ഞുള്ള പഠനം വഴി ചര്‍ച്ചചെയ്ത് പഠിയ്ക്കാന്‍ കുട്ടിയ്ക്ക് കഴിയുന്നു.വിഷയത്തെക്കുറിച്ച് അറിവുള്ള കുട്ടി അറിയാത്ത കുട്ടിയ്ക്ക് പറഞ്ഞുകൊടുക്കുന്നു.ഗ്രൂപ്പ് ലീഡര്‍ ഇത്തരത്തിലുള്ള പഠനപ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിയ്ക്കുന്നു.


എന്നാല്‍ ,ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള പഠനത്തിന് പരാജയം സംഭവിയ്ക്കും.ഇത് അദ്ധ്യാപകന്റെ ചുമതലയാണ് .

(1)ഗ്രൂപ്പ് അംഗങ്ങള്‍ പഠനപ്രക്രിയയില്‍തന്നെയാണോ മുഴുകിയിരിയ്ക്കുന്നത് ?

(2) പിന്നോക്കാവസ്ഥയിലുള്ള കുട്ടിയെ മറ്റുകുട്ടികള്‍ സഹായിയ്ക്കുന്നുണ്ടോ ?

(3) ഗ്രൂപ്പ് ലീഡര്‍ എല്ലാ അംഗങ്ങളേയും നയത്തില്‍ സഹകരിപ്പിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ടോ?


ഇവയ്ക്കൊക്ക ഉത്തരം ഇല്ല എങ്കില്‍ അദ്ധ്യാപകന്‍ അക്കാര്യം ശ്രദ്ധിച്ച് അതിനുള്ള പരിഹാരങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതാണ് .


ഗ്രൂപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് ഗ്രൂപ്പ് ലീഡറോ അല്ലെങ്കില്‍ ഗ്രൂപ്പ് അംഗമോ ക്ലാസില്‍ പ്രസ്തുത ഗ്രൂപ്പിന്റെ പ്രവര്‍ത്തനഫലം അവതരിപ്പിയ്ക്കേണ്ടതാണ്. തുടര്‍ന്ന് അതില്‍ ചര്‍ച്ചയും നടത്തേണ്ടതാണ്.




ചര്‍ച്ചയിലൂടെ പഠനം നടക്കുന്നതെങ്ങനെ ?


നാം ആരെങ്കിലുമായി വഴക്കിട്ടുവെന്നിരിയ്ക്കട്ടെ.അന്നേദിവസം പലപ്പോഴും പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മ നമ്മുടേ മനസ്സിലേയ്ക്ക് വന്നുകൊണ്ടിരിയ്ക്കും.ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം അന്ന് ഉറക്കം വരുകയില്ല.ഈ വഴക്കിനെ ക്കുറിച്ചുള്ള ചിന്ത തന്നെയായിരിയ്ക്കും മനസ്സുമുഴുവന്‍. ഇതു പോലെത്തന്നെയാണ് നാം മറ്റൊരാളുമായി ‘വാദപ്രതിവാദം ‘ നടത്തിയാലുള്ള അവസ്ഥ. ചിലപ്പോള്‍ വീട്ടിലെത്തിയശേഷമായിരിയ്ക്കും അഭിപ്രായങ്ങളെ ശരിവെയ്ക്കുന്ന മറ്റ് വാദഗതികള്‍ മനസ്സില്‍ പൊട്ടിമുളയ്ക്കുക.മുകളില്‍പ്പറഞ്ഞവ മനുഷ്യമസ്തിഷ്കത്തിന്റെ ഒരു സവിശേഷതയാണ്. ഈ സവിശേഷതയെ നാം ക്ലാസ്‌റൂം പഠനത്തിനായി ഉപയോഗപ്പെടുത്തുന്നു.


സധാരണയായി ഒരു വിദ്യാര്‍ഥിയോട് , അന്നേദിവസം പഠനത്തിനുശേഷം വീട്ടില്‍‌ചെന്നാല്‍ , ഓരോ പിരീഡും എന്താണ് പഠിപ്പിച്ചതെന്നുചോദിച്ചാല്‍ വ്യക്തമായി വിശദീകരിയ്ക്കാന്‍ ആ കുട്ടിയ്ക്ക് ബുദ്ധിമുട്ടായിരിയ്ക്കും.പക്ഷെ, പ്രവര്‍ത്തനാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇക്കാര്യം സാധിയ്ക്കുമെന്നുറപ്പാണ്.

Sunday, May 27, 2007

എന്താണ് ബഹുമുഖ ബുദ്ധിശക്തി സിദ്ധാന്തം (Multiple intelligence Theory ) ?



ബഹുമുഖ ബുദ്ധിശക്തി (MI) എന്ന ആശയം അവതരിപ്പിച്ചത് Howard Gardner (1983) ആണ് .
അദ്ദേഹത്തിന്റെ ‘Frames of Mind ' എന്ന പുസ്തകത്തിലെ ബഹുമുഖ ബുദ്ധിശക്തിയെ സംബന്ധിച്ച് ചില
വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു.


1.Lingustic Intelligence


ഭാഷ,വാചികമായോ (ഉദാ:കാഥികന്‍ ,പ്രാസംഗികന്‍ , രാഷ്ട്രീയനേതാ‍വ്,) എഴുത്തിലൂടേയോ (ഉദാ:കവി,നാടകകൃത്ത്,കഥാകൃത്ത്,പത്രാധിപര്‍,പത്രപ്രവര്‍ത്തകന്‍...) ഫലപ്രദമായി ഉപയോഗിയ്ക്കുവാനുള്ള
കഴിവാണ് ഭാഷാപരമായ ബുദ്ധിശക്തി. (Lingustic Intelligence) . ഭാഷയുടെ
വിവിധതലങ്ങള്‍,ഘടന,വ്യാകരണം തുടങ്ങിയ മേഖലകളിലെ പ്രാവീണ്യം ഇത്തരം ബുദ്ധിശക്തിയുടെ പ്രകടിത
ഭാവങ്ങളാണ്.


2.Logical -Mathematical Intelligence :


(സയുക്തിക-ഗണിത ബുദ്ധിശക്തി ) : സംഖ്യകള്‍ / അക്കൌണ്ടന്റ് , സ്റ്റാറ്റിസ്റ്റീഷ്യന്‍.....) , യുക്തിയുക്തമായി
കാര്യങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള കഴിവ്
(ഉദാ: ശാസ്ത്രജ്ഞന്‍ ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തര്‍ക്ക ശാസ്ത്രപണ്ഡിതന്‍ ..)
തര്‍ക്ക വിഷയത്തിലുള്ള (logical) കൂടിയ സംവേദനക്ഷമത, കാര്യകാരണം കണ്ടെത്താനുള്ള കഴിവ് ,
അമൂര്‍ത്തമായ ആശയങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്താനുള്ള കഴിവ് ,തരം തിരിയ്ക്കാനുള്ള കഴിവ്
,നിഗമനങ്ങളില്‍ എത്താനുള്ള കഴിവ്, സാമാന്യവല്‍ക്കരിയ്ക്കാനുള്ള കഴിവ്,ഗണിതക്രിയകള്‍ ചെയ്യാനുള്ള
കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് ..തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി
പരിഗണിയ്ക്കുന്നു.


3.Spatial Intelligence :


സ്ഥലപരബന്ധങ്ങള്‍ (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന
സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള
സംവേദനക്ഷമത(Sensitivity) , ഇത്തരം ഘടകങ്ങള്‍ തമ്മിലുള്ള ബന്ധവും , അവ വൈവിധ്യമാര്‍ന്ന രീതിയില്‍
ആവിഷ്കരിയ്ക്കാനുള്ള കഴിവും സ്ഥലപരബുദ്ധിശക്തി കൂടുതല്‍ ഉള്ളവരുടെ പ്രത്യകതയായി കണക്കാക്കുന്നു. (ഉദാ:
വാസ്തുശില്പി,ചിത്രകാരന്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍...)


4.Bodily-Kinesthetic Intelligaence:


ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്.
(ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്‌ലറ്റ്,നൃത്തക്കാരന്‍ /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍
വസ്തുക്കളുടെ ആകൃതിയിലും വലുപ്പത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് (ഉദാ:
ക്രാഫ്‌റ്റ്സ്‌മാ‍ന്‍,ശില്പി,മെക്കാനിക്,സര്‍ജന്‍...) എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരില്‍
കാണാവുന്നതാണ്.സൂക്ഷ്മശേഷികളുടെ സംയോജനക്ഷമത,സംതുലനം,ചലനങ്ങളിലെ
സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ
സവിശേഷതയായിരിയ്ക്കും.


5.Musical Intelligence :


സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത
ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music
Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്.
color=green size=4 >

6.Inter Personal Intelligence :


വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാ‍വ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള
കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച്
സംവേദനക്ഷമത (Sensitivity ), മറ്റുള്ളവരുടെ ശബ്ദഭാവാദികള്‍ക്കനുസരിച്ച് സ്വന്തം ആശയങ്ങള്‍
പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്‍,
കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..)


7.Intrapersonal Intelligaence :


സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം
സത്വം തിരിച്ചറിയുക , ആന്തരികഭാവങ്ങളും താല്പര്യങ്ങളും ചിന്തകളും അഭിപ്രേരണകളും തിരിച്ചറിയുക,
നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ
ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന്‍ ,മതാചാര്യന്‍ ... )


8.Naturalistic Intellegence :


പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും
പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ
Naturalistic Intelligence ഉള്ളവരുടെ സവിശേഷതയാണ് . (ഉദാ: പരിസ്ഥിതി
ശാസ്ത്രജ്ഞന്‍,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്‍,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍,
അഗ്രികള്‍ച്ചറിസ്റ്റ്, കര്‍ഷകന്‍...)


9.Existential Intelligence :


(അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും
തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത
തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്. ( " a concern with ultimate life issues " - Gardner, 1999)


പഠിതാക്കളുടെ ബഹിമുഖ ബുദ്ധിശക്തിയുടെ പോഷണത്തിന് ആവശ്യമായ പഠനബോധനതന്ത്രങ്ങള്‍
ആവിഷ്കരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഓരോ അദ്ധ്യാപകനും ബോദ്ധ്യപ്പെടേണ്ടതാണ് .
color=green size=4 >

Referance


1.Gardner H.(1983) Frames of Mind : The Theory of Multiple Intelligences, Newyork : Basic
Books

2.Amstrong . T. (2000) : Multiple Intelligence in the classroom (2nd Edition ) USA : ASCD

3.Kenneth .T. Henson & Ben .F. Eiller (1999) : Educational psychology for Effective Teaching .
USA: Wardsworth Publishing Company.


തയ്യാറാക്കിയത് : Faculty , Educational Psychology ,SCERT

SRGയില്‍ സമ്പുഷ്ടമാക്കിയത്

Thursday, May 24, 2007

ആരാണ് ബുദ്ധിമാന്‍ ?



ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ വിവിധമേഖലകളുമായി ഇടപെടേണ്ടിവരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് .കാലം പുരോഗമിയ്ക്കുംന്തോറും ഈ മേഖലകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തില്‍ വിവിധമേഖലകള്‍ എന്നുപറയുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ചുപറയുകയാണെങ്കില്‍ അവന്‍ ബന്ധപ്പെടാത്തതും അവന് അറിയാത്തതുമായ മേഖലകള്‍ കൂടി ഉണ്ട് എന്നതാണ് ആ വസ്തുത. ഉദാഹരണമായി ഒരു ആദിവാസി മനുഷ്യനെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന മേഖലയെ അവന്‍ ബന്ധപ്പെടാത്തതോ അറിയാത്തതോ ആയ മേഖലയായി കണക്കാക്കാം.ഇങ്ങനെയുള്ള ഓരോ മേഖലയിലും മനുഷ്യന്‍ തന്റെ ബുദ്ധിശക്തി പ്രകടിപ്പിയ്ക്കുകയും തല്‍‌ഫലമായി പ്രസ്തുതമേഖലയില്‍ പ്രതിഭകള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകോണ്ടുതന്നെ ഇങ്ങനെയുള്ള മേഖലയില്‍ പ്രതിഭകളാകുന്ന വ്യക്തികളെ ‘ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി ‘ (Multiple intelligence Theory ) അനുസരിച്ച് നാം ബുദ്ധിമാന്മാര്‍ എന്നുപറയുന്നു. ഒരു മേഖലയില്‍ ‘പ്രതിഭ‘ യാകുന്ന വ്യക്തി(ബുദ്ധിമാനാകുന്ന വ്യക്തി ) മറ്റുമേഖലകളില്‍ പ്രതിഭയാകണമെന്നില്ല. ചിലപ്പോള്‍ മറ്റുമേഖലകളില്‍ സാധാരണക്കാരനാകാം.



സാ‍ധാരണയായിപ്പറഞ്ഞാല്‍ , നാം ബുദ്ധിമാനായി കണക്കാക്കുന്നത് അക്കാഡമിക്ക് ബ്രില്യന്‍സിയെയാണ്. അതായത് ,ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടുകയോ അല്ലെങ്കില്‍ അവയിലെല്ലാം ഒന്നാം റാങ്കു വാങ്ങുകയോ ചെയ്യുന്ന വ്യക്തിയെയാണ് ബുദ്ധിമാനായി കണക്കാക്കുന്നത്. എന്നാല്‍ ശില്പകല,സംഗീതം,നൃത്തം, പ്രസംഗം,പൊതുപ്രവര്‍ത്തനം,നോവലെഴുതല്‍,കവിതരചിയ്ക്കല്‍ ,കായികരംഗം......തുടങ്ങിയവയിലൊക്കെ അറിവുനേടുന്നവര്‍ ബുദ്ധിമാന്മാര്‍ തന്നെയാണെന്ന് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി പ്രഖ്യാപിയ്ക്കുന്നു.


എന്താണ് പ്രക്രിയാധിഷ്ഠിത വിദ്യാഭ്യാസം ?


‘ അദ്ധ്യാപകന്‍ പറയുന്നു,വിദ്യാര്‍ത്ഥി കേള്‍ക്കുന്നു ‘ -ഇത്തരത്തിലുള്ള വിദ്യാഭ്യാസരീതിയാണ് നാം ശീലിച്ചുപോന്നതും നമ്മുടെ സങ്കല്പത്തിലുള്ളതും. ക്ലാസെടുക്കുമ്പോഴുള്ള നിശബ്ദത ടീച്ചറുടെ മികവായി കണക്കാക്കുന്നു.പരീക്ഷയെന്നാല്‍ ‘ഓര്‍മ്മശക്തിയെ ‘ മാത്രം അളക്കുവാനുള്ള അളവുകോലായി നാം കണക്കാക്കുകയും ചെയ്യുന്നു. കൂടുതല്‍ മനഃപാഠം പഠിച്ച് പരീക്ഷാ‍പേപ്പറില്‍ എഴുതുന്ന കുട്ടിയ്ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു. അങ്ങനെ കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന കുട്ടി ബുദ്ധിമാന്‍ പട്ടത്തിന് അര്‍ഹമാകുകയും ചെയ്യുന്നു.



മുകളില്‍പ്പറഞ്ഞതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി പ്രവര്‍ത്തനങ്ങള്‍ അഥവാ പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ശേഷിയിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിദ്യഭ്യാസസമ്പ്രദായമാണ് ‘ പ്രക്രിയാധിഷ്ഠിത വിദ്യാഭ്യാസം അഥവാ പ്രവര്‍ത്തനോന്മുഖ വിദ്യാഭ്യാസം ‘



അറിവുനേടുക = മാനസിക പരിവര്‍ത്തനം


ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ചിലര്‍ മോശമായി പെരുമാറിയാല്‍ സാമാന്യജനം ഇങ്ങനെ പ്രതികരിയ്ക്കാറുണ്ട് “ ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള ആള്‍ ഇങ്ങനെയാണോ പെരുമാറുക “ .ഇതില്‍നിന്നും ഒരു കാര്യം ഉറപ്പാണ് .വിദ്യാഭ്യാസം നേടിയ വ്യക്തിയില്‍നിന്ന് അതിനുയോജിച്ച മാനസികപരിവര്‍ത്തനം പ്രതീക്ഷിയ്ക്കുന്നുവെന്ന സത്യം. ഗൈഡുകള്‍ മാത്രം പഠിച്ച് പരീക്ഷയെഴുതി ഉന്നതവിദ്യാഭ്യാസയോഗ്യത നേടിയ വ്യക്തിയ്ക്ക് പ്രസ്തുത വിദ്യാഭ്യാസ യോഗ്യത നിഷ്കര്‍ഷിയ്ക്കുന്ന മാനസികശേഷി ഉണ്ടായിരിയ്ക്കണമെന്നില്ല. ഇക്കാരണംകൊണ്ടുതന്നെ അദ്ധ്യാപനം വ്യക്തിയില്‍ മാനസികപരിവര്‍ത്തനം ഉളവാക്കാന്‍ തക്കവണ്ണമുള്ളതായിരിയ്ക്കണം എന്നുമനസ്സിലായല്ലോ. ശരിയായ പ്രവര്‍ത്തനോന്മുഖവിദ്യാഭ്യാസത്തിനേ വ്യക്തിയില്‍ മാനസിക പരിവര്‍ത്തനം നടത്തുവാന്‍ കഴിയൂ.


പ്രവര്‍ത്തനങ്ങളെക്കുറിച്ച് :


മുകളില്‍ പ്രതിപാദിച്ചവ ശരിയായരീതിയില്‍ മനസ്സിലാകണമെന്നുണ്ടെങ്കില്‍ ( മാ‍നസിക പരിവര്‍ത്തനം വരത്തക്ക രീതിയില്‍ ) വിദ്യാര്‍ത്ഥികള്‍ ചില പ്രവര്‍ത്തനങ്ങളിലൂ‍ടെ കടന്നുപോകേണ്ടതുണ്ട്. അവ താഴെക്കൊടുക്കുന്നു. (ഈ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങലില്‍ നടത്തി വിജയിച്ചീട്ടുള്ളതാണ് )




ലക്ഷ്യം:


മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറിയെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിന്


പ്രക്രിയ:


അദ്ധ്യാപകന്‍ തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് അറിയാവുന്ന മേഖലയിലെ പ്രശസ്തരായ വ്യക്തികളുടെ ( പ്രതിഭകളുടെ ) പേരുകള്‍ ക്രമത്തില്‍ ബോര്‍ഡില്‍ എഴുതുന്നു. എന്നിട്ട് അവരില്‍ ആരാണ് ബുദ്ധിമാനെന്നും ആ വ്യക്തിയെ ബുദ്ധിമാനായി തിരഞ്ഞെടുത്തതിനുള്ള കാരണവും എഴുതുവാന്‍ ആവശ്യപ്പെടുന്നു.


ഇവരില്‍ ആരാണ് ബുദ്ധിമാന്‍ ? ( ബോര്‍ഡില്‍ എഴുതിയത് )


1.മോഹന്‍ലാല്‍

2.യേശുദാസ്

3.കാനായി കുഞ്ഞിരാമന്‍

4.രാജു നാരായണസ്വാമി

5.സുകുമാര്‍ അഴീക്കോട്

6.സുഗതകുമാരി

7.മാതാ അമൃതാനന്ദമയീ ദേവീ

8.കെ.കരുണാകരന്‍

9.മജീഷ്യന്‍ മുതുകാട്

10.പി.ടി.ഉഷ

11.ലാറി ബേക്കര്‍

12.രാജാ രവിവര്‍മ്മ


പ്രതികരണങ്ങള്‍


1.ചില കുട്ടികള്‍ , അവര്‍ക്ക് താല്പര്യമുള്ള മേഖലയിലെ പ്രശസ്തരായ വ്യക്തിയുടെ പേര് നിര്‍ദ്ദേശിച്ച് അതിനുവേണ്ടി ഒരു കാരണവും പറയുന്നു.

2.ചില കുട്ടികള്‍ പേരുമാത്രം എഴുതുന്നു, കാരനം എഴുതിയിട്ടില്ല.

3. ചില കുട്ടികള്‍ അടുത്തിരുന്ന കുട്ടി എന്താണാവോ എഴുതിയത് അത് അപ്പടി പകര്‍ത്തിവെയ്ക്കുന്നു.

4.ചില കുട്ടികള്‍ ഒന്നും പ്രതികരിയ്ക്കാതെയിരിയ്ക്കുന്നു.



എന്തായാലും ആദ്യം പറഞ്ഞ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രതികരണങ്ങള്‍ വഴി ക്ലാസില്‍ ചര്‍ച്ച നടക്കുന്നു.


ക്രോഡീകരണം:


പ്രവര്‍ത്തനോന്മുഖ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകന്റെ സ്ഥാനം ഒരു സഹായി (ഗൈഡ് ) എന്നത് മാത്രമാണ് . (അതുകൊണ്ടുതന്നെ ചര്‍ച്ച ശരിയായ രീതിയിലെത്തിയ്ക്കാന്‍ അദ്ധ്യാപകന്‍ ശ്രമിയ്ക്കുന്നു. എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ല,പക്ഷെ എല്ലാവരും ശ്രോതക്കളുമെങ്കിലും ആയിരിയ്ക്കും എന്ന വസ്തുത ഇവിടെ വിസ്മരിച്ചുകൂടാ.) അതുകോണ്ടുതന്നെ ചര്‍ച്ചയുടെ അവസാനം അദ്ധ്യാപകന്‍ ക്രോഡീകരണം നടത്തുന്നു.



‘‘മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന ഒട്ടനവധി മേഖലകള്‍ ഉണ്ട് . പ്രസ്തുത മേഖലയില്‍ പ്രശസ്തരായ വ്യക്തികള്‍ എല്ലാവരും തന്നെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറിപ്രകാരം ബുദ്ധിമാന്മാരാണ് എന്ന വസ്തുത അദ്ധ്യാപകന്‍ വ്യക്തമാക്കുന്നു. “



“ പത്തോ പതിനഞ്ചോ മിനിട്ടെടുത്തിരിയ്ക്കാവുന്ന ഈ പ്രവര്‍ത്തനം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് സിദ്ധാന്തത്തെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നു. ഈ സിദ്ധാന്തം ആവിഷ്കരിച്ച ഹോവാര്‍ഡ് ഗാര്‍ഡ്‌നറെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പേരും ടീച്ചര്‍ ക്ലാസില്‍ പറയുന്നു/ ബോര്‍ഡില്‍ എഴുതുന്നു.”



പ്രവര്‍ത്തനം: 2



ലക്ഷ്യം:


അറിവുനേടുന്നതുവഴി മാനസിക പരിവര്‍ത്തനം ഉണ്ടാകുന്നതെങ്ങനെയെന്ന് കണ്ടെത്തുന്നു.


ആസൂത്രണം :


ടീച്ചര്‍ ശ്രീബുദ്ധന്റെ ‘ മരണം സംഭവിയ്ക്കാത്ത വീട്ടില്‍ നിന്നുള്ള കടുക് ‘ എന്ന കഥ ക്ലാസില്‍ രസകരമായി അവതരിപ്പിയ്ക്കാന്‍ തയ്യാറെടുപ്പുനടത്തുന്നു.


പ്രക്രിയ:


ടീച്ചര്‍ കഥ പറയുന്നു.

ഒരിയ്ക്കല്‍ ബുദ്ധഭഗവാനെക്കാണാന്‍ ഒരു സ്തീ വന്നു.
ഭഗവാനെ കണ്ടതും ആ സ്ത്രീ സങ്കടം സഹിയ്ക്കാതെ പൊട്ടിക്കരഞ്ഞു.
ഭഗവാന്‍ കാര്യം അന്വേഷിച്ചു.
കഴിഞ്ഞ ദിവസം തന്റെ പത്തുവയസ്സുമാത്രം പ്രായമായ ഏകമകന്‍ അസുഖം വന്ന് മരിച്ച വിവരം ആ സ്ത്രീ പറഞ്ഞു.
ഭഗവാനല്ലേ ,ഇത്രയേറെ ജനങ്ങള്‍ ആരാധിയ്ക്കുന്ന ദൈവതുല്യനായ വ്യക്തിയല്ലേ . അതിനാല്‍ തന്റെ മകനെ വീണ്ടും ജീവിപ്പിയ്ക്കണമെന്ന് ആ അമ്മ ഭഗവാനോട് ആവശ്യപ്പെട്ടു.

ബുദ്ധഭഗവാന്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു.. “ നിങ്ങള്‍ പോയി മരണം നടക്കാത്ത കുടുബത്തില്‍ നിന്ന് കുറച്ച് കടുക് കൊണ്ടുവരണം . അതു ലഭിച്ചാല്‍ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയും “

ശ്രീ ബുദ്ധന്റെ മറുപടി കേട്ടതും ആ സ്ത്രീ പുറത്തേയ്ക്കോടി.
കുറച്ച് കടുക് കൊണ്ടുകൊടൂത്താല്‍ ഭഗവാന്‍ തന്റെ മകനെ ജീവിപ്പിയ്ക്കുമല്ലോ എന്നോര്‍ത്താണ് അവര്‍ പോയത് .



എന്നാല്‍ അവര്‍ ബുദ്ധഭഗവാന്റെ അടുത്തേയ്ക്ക് തിരിച്ചുവന്നത് ഒരാഴ്ചകഴിഞ്ഞാണ്.
അവരുടെ മുഖത്തെ ദുഃഖമൊക്കെ മാഞ്ഞുപോയിരുന്നു.

അവര്‍ പറഞ്ഞു,” പ്രഭോ , ഞാന്‍ ധാരാളം വീടുകളില്‍ കടുകന്വേഷിച്ചുപോയി. മരണം നടക്കാത്ത ഒറ്റ കുടുംബത്തേയും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കടുകും ലഭിച്ചില്ല.ഓരോ വീട്ടിലും ചെല്ലുമ്പോള്‍ അവര്‍ എന്തിനാണ് കടൂകന്വേഷിച്ചു നടക്കുന്നത് എന്നു ചോദിച്ചു. അപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.ഞാന്‍ ചെന്നീട്ടുള്ള എല്ലാ വീടുകളിലും മരണം നടന്നിട്ടുണ്ടെന്ന് എനിയ്ക്കു മനസ്സിലായി.പല വീടുകളില്‍ നിന്നും ദുഃഖ സാന്ദ്രമായ കഥകളും ഞാന്‍ കേട്ടു. അതിനാല്‍ എനിയ്ക്കു നേരിട്ട ദുഃഖവും അവര്‍ക്കു നേരിട്ടതുപോലെയെന്നു ഞാന്‍ മനസ്സിലാക്കി. അങ്ങനെ എന്റെ ദുഃഖത്തിന് ശമനം വന്നു. “


ബുദ്ധഭഗവാന്‍ അവരെ അനുഗ്രഹിച്ച് യാത്രയാക്കി.



ഈ കഥ പറഞ്ഞശേഷം താഴെ കോടുത്തീട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ക്ലാസ്സില്‍ അവതരിപ്പിയ്ക്കുവാന്‍ കുട്ടികളോട് ടീച്ചര്‍ ആവശ്യപ്പെട്ടു.



1.മരണം നടക്കാത്ത വീട് ഇല്ല എന്നറിവുണ്ടായീട്ടും എന്തുകൊണ്ടാണ് ബുദ്ധഭഗവാന്‍ ആ അമ്മയോട് മരണം നടക്കാത്ത വീട്ടില്‍നിന്നും കടുക് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടത് ?

2.ബുദ്ധഭഗവാന് മരണത്തെപ്പടിയുള്ള യാഥാര്‍ത്ഥ്യം പറഞ്ഞുകൊടുക്കാമായിരുന്നില്ലേ.മറിച്ച് ,എന്തുകൊണ്ടാണ് ആ അമ്മയെ പലവീടുകളിലും ഒരാഴ്ചക്കാലം കടുകന്വേഷിപ്പിച്ച് പറഞ്ഞയച്ചത് ?

3.കടുകന്വേഷിച്ച് ആ അമ്മ ഒരാഴ്ചക്കാ‍ലം നടന്നു. ഇതില്‍നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് ?

4.ഒരാഴ്ചകൊണ്ട് ആ അമ്മയ്ക്കുണ്ടായ മാനസിക പരിവര്‍ത്തനത്തിനു കാരണമെന്ത് ?

5.നീന്തല്‍ (swimming ) എങ്ങനെയാണ് നടത്തേണ്ടതെന്ന് വായിച്ച് മനസ്സിലാക്കി നീന്താനിറങ്ങിയാല്‍ നീന്താന്‍ കഴിയില്ല. എന്തുകൊണ്ട് ?

6.കാര്‍ ഡ്രൈവിംഗ് എങ്ങനെയാണെന്ന് പുസ്തകത്തിലൂടെ വായിച്ചുമനസ്സിലാക്കി കാര്‍ ഡ്രൈവ് ചെയ്യാന്‍ പുറപ്പെട്ടാല്‍ ശരിയാവില്ല. എന്തുകൊണ്ട് ?


ക്രോഡീകരണം


കുട്ടികള്‍ ഉത്തരങ്ങള്‍ അവതരിപ്പിയ്ക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ ചര്‍ച്ച നടക്കുന്നു അവസാനം ടീച്ചര്‍ ക്രോഡീകരിയ്ക്കുന്നു.
‘’ഇതില്‍നിന്നൊക്കെപ്രവര്‍ത്തനം അഥവാ പരിശീലനം മാനസിക പരിവര്‍ത്തനത്തിന് ആവശ്യമാണ് എന്നുവരുന്നു. “



കടപ്പാട്--അദ്ധ്യാപക പരിശീലനത്തില്‍ നിന്നു ലഭിച്ച അറിവുകള്‍