1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Saturday, May 31, 2008

അദ്ധ്യാപക ശാക്തീകരണം 2008 മെയ്-- ട്രെയിനിംഗ് മാനുവല്‍

ഹൈസ്കൂള്‍ വിഭാഗം -ഫിസിക്സ്

ഒന്നാം ദിവസം

1. ആമുഖം:
1. K.C.F റിപ്പോട്ടുമായി ചര്‍ച്ചചെയ്ത് പുതുക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് 1,5,7 എന്നീ ക്ലാസുകളിലെ പാഠ്യപദ്ധതി വിനിമയം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്.....
2. 784 ലോളം മികവുകള്‍ ക്രോഡീകരിച്ച് 142 പ്രവര്‍ത്തനങ്ങള്‍ മികവ് എന്ന പേരില്‍ S.S.A. പ്രസിദ്ധീകരിച്ചതിനെക്കുറിച്ച്....
3.അടുത്ത വര്‍ഷം മുതല്‍ ഹൈസ്ക്കൂള്‍ തലത്തില്‍ ഒന്നുകൂടി ശക്തിയാര്‍ന്ന രീതിയില്‍ മികവ് ചെയ്യുന്നതിനെക്കുറിച്ച് .....
4.ഒരു പ്രവര്‍ത്തനം -- ഒരു കണ്ടെത്തല്‍ -- പ്രദര്‍ശിപ്പിക്കാന്‍ ഉണ്ടാകണമെന്നതിനെക്കുറിച്ച് ...
5. 19 മുതല്‍ 22 വരേയും 26 മുതല്‍ 29 വരേയുമാണ് കോഴ്‌സുകള്‍ ഉള്ളത് എന്നതിനെക്കുറിച്ച് ....
6.എല്ലാവര്‍ക്കും മേയ് 31 മുന്‍പ് പരിശീലനം നല്‍കും എന്നതിനെക്കുറിച്ച് ...
7. ആദ്യത്തെ രണ്ടു ദിവസം LP,UP,HS,HSS എന്നീവിഭാഗങ്ങളുടെ പരിശീലന സിലബസ്സ് ഒന്നുതന്നെയായിരിക്കും . തുടര്‍ന്ന് ഓരോ വിഭാഗത്തിനനുസരിച്ച് ...
ജനറല്‍ ACTIVITY:
ഗ്രൂപ്പ് ലീഡര്‍, ഡോക്യുമെന്റേഷന് വേണ്ട കമ്മറ്റി എന്നിവരെ തിരഞ്ഞെടുക്കുന്നു.
പ്രോസസ് ഡോക്യുമെന്റേഷന് വേണ്ടകാര്യങ്ങള്‍ : ( ആര്‍ .പി അവതരിപ്പിക്കുന്നു)
1.എന്താണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍
2.ഓരോ സെഷനിലും നടന്ന സജീവത എത്രയുണ്ടായിരുന്നു.
3.ഓരോ പ്രോസസ്സും കഴിഞ്ഞതിനുശേഷം ക്രോഡീകരണം നടത്തിയതെങ്ങനെ ?
4.ആര്‍.പി യുടെ ഇടപെടല്‍ എങ്ങനെ ?
5.ലക്ഷ്യങ്ങള്‍ ഫലപ്രദമായിരുന്നുവോ എന്ന് കണ്ടെത്തുക
6.ഓരോ സെഷനിലും ലക്ഷ്യങ്ങള്‍ സാധിച്ചില്ലെങ്കില്‍ എന്തുകൊണ്ട് ?
2.കോഴ്‌സിന്റെ ലക്ഷ്യങ്ങള്‍ :
1.എല്ലാ അദ്ധ്യാപകരേയും അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് സജ്ജരാക്കുക
2.K.C.F ന്റെ അടിസ്ഥാനത്തില്‍ പുതിയ സമീപനം എന്തെല്ലാമാണെന്നു തിരിച്ചറിയുക .
3. വിമര്‍ശനാത്മക ബോധന ശാസ്ത്രത്തെ സംബന്ധിച്ച് ധാരണ കൈവരിക്കുക.
4.സാമൂഹ്യ ജ്ഞാന നിര്‍മ്മിതി , വിമര്‍ശനാത്മക ബോധന ശാസ്ത്രം എന്നിവയിലൂടെ പഠനത്തിന്റെ മുഖ്യ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അവ പ്രായോഗികമാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുക.
5.K.C.F ന്റെ അടിസ്ഥാനത്തില്‍ പുതിയ സമീപനം തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പാഠപുസ്തകത്തിലെ സാദ്ധ്യതകള്‍ തിരിച്ചറിയുകയും അവ പ്രായോഗികമാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുകയും ചെയ്യുക.
6. 2008-09 വര്‍ഷത്തെ അദ്ധ്യാപക ശാക്തീകരണത്തെക്കുറിച്ച് വ്യക്തതനേടുക.
SESSION -1 (N.C.F.നെ കുറിച്ചുള്ള പഠനം )
ഈ സെഷനില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ :
1.കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാന സമീപനങ്ങള്‍ തിരിച്ചറിയുക.
2.സമൂഹ മാറ്റ പ്രക്രിയയില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് എന്താണെന്ന് തിരിച്ചറിയുക.
3.പ്രശ്നാധിഷ്ഠിത ( Issue Based ) പാഠ്യപദ്ധതിയുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തുക .
4.വിദ്യാഭ്യാസ പ്രക്രിയയില്‍ പ്രശ്നാധിഷ്ഠിത വിദ്യാഭ്യാസരീതികള്‍ പ്രയോഗിക്കുന്നതിനനുകൂലമായ മനോഭാവം വളര്‍ത്തിയെടുക്കുക.
ACTIVITY:1-1
" മഴവില്ല് വരക്കുന്നവര്‍ “ എന്ന സി.ഡി പ്രദര്‍ശിപ്പിക്കുന്നു. അംഗങ്ങള്‍ നിരീക്ഷിക്കുന്നു.
ASSIGNMENT :1-1
ഇത്തരം കുട്ടികള്‍ നമ്മുടെ സ്കൂളിലും ഇല്ലേ . ഇത്തരത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?
ഉത്തരം നോട്ടില്‍ രേഖപ്പെടുത്തുക.
ഒന്നോ രണ്ടോ അംഗങ്ങള്‍ രേഖപ്പെടുത്തിയവ വായിക്കുന്നു . അതിന്മേല്‍ ചര്‍ച്ച നടക്കുന്നു.
ASSIGNMENT :1-2
1.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നമ്മുടെ സ്കൂളിലും ഇല്ലേ . ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?
2.ദാരിദ്രം, ബാലവേല എന്നിവയെ മറച്ചുപിടിക്കുന്ന പാഠ്യപദ്ധതിയാണോ ,അതല്ല അവയെ തുറന്നു കാട്ടിക്കൊണ്ട് പ്രശ്നങ്ങളെ കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുന്ന പാഠ്യപദ്ധതിയാണോ നമുക്ക് വേണ്ടത് ?
3.സമൂഹത്തിലെ പ്രശ്നങ്ങളോട് കുട്ടികള്‍ പ്രതികരിക്കുന്നതെങ്ങനെ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :1-3
1. നാം പഠിച്ചപ്പോള്‍ / പഠിപ്പിച്ചപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ കുറിക്കുക?
ചര്‍ച്ചാ സൂചകങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നു.
1.വിദ്യാഭ്യാസം സാമുഹ്യമാറ്റത്തിന് എന്നു പറയാറുണ്ട് . “ സാമൂഹ്യ പ്രശ്നങ്ങളെ വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി ഇടപെടുമ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുക ? എങ്കില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുന്ന പാഠ്യപദ്ധതിയാണോ , അത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന പാഠ്യപദ്ധതിയാണോ നമുക്ക് വേണ്ടത് ? എന്തുകൊണ്ട് ?
.2.സമൂഹത്തിലെ പ്രശ്നങ്ങള്‍ -- ദാരിദ്യം , പട്ടിണി .. തുടങ്ങിയവ എന്തുകൊണ്ട് സാ‍മൂഹ്യശാസ്ത്ര പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല.
3. സത്യങ്ങള്‍ മറച്ചുവെക്കുവാന്‍ അധികാരികള്‍ എന്തിനാണ് ശ്രമിക്കുന്നത് ?. പാഠ്യപദ്ധതി സത്യങ്ങളോട് നീതി പുലര്‍ത്തേണ്ടതില്ലേ?
4. ഇതുപോലെയുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ ശക്തമായി അവതരിക്കപ്പെട്ടിട്ടുള്ള പാഠങ്ങള്‍ നിങ്ങള്‍ പഠിച്ച കാലയളവിലോ , പഠിപ്പിച്ച കാലയളവിലോ ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ ?
5. സാ‍മൂഹ്യ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യസം സമൂഹത്തെ മുന്നോട്ട് നയിക്കും . പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിലും ഇത്തരമൊരു സമീപനം സ്വീകരിച്ചീട്ടില്ലെങ്കില്‍ നമ്മള്‍ എന്തുചെയ്യും ? നിങ്ങള്‍ പറയൂ ?
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :1-4
എന്തൊക്കെ സാമൂഹ്യ പ്രശ്നങ്ങളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത് ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ഒന്നാം ദിവസം ഉച്ചക്കുശേഷം

SESSION -2 ( വിമര്‍ശനാത്മക ബോധനശാസ്ത്രം )
ASSIGNMENT :2-1
സാമൂഹിക പ്രശ്നങ്ങളെ കുട്ടികളിലേക്ക് എത്തിക്കുന്ന ഒരു Text Book നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണങ്കില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തുമായിരുന്നു.
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :2-2
“പുതിയ സമീപനത്തിലേക്ക് “ എന്ന Print Out, ആര്‍.പി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കുന്നു. “ പ്രശ്ന മേഖലകള്‍ “ എന്ന തലക്കെട്ടോടുകൂടിയ ചാര്‍ട്ട് ആര്‍.പി ചരടില്‍ ഞാത്തിയിടുന്നു.
CHART:2-1
പ്രശ്നമേഖലകള്‍
1.വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
2.അദ്ധ്വാന ശേഷി വികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്
4.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ
5.ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
6.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
7.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്‌നെന്റിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യാവസായികവല്‍ക്കരണത്തിന്റേയും നഗരവല്‍ക്കരണത്തിന്റേയും അഭാവം

KCF തയ്യാറാക്കിയ പ്രശ്നങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ തയ്യാറാക്കിയ പ്രശ്നങ്ങളും താരതമ്യം ഗ്രൂപ്പ് അംഗങ്ങള്‍ താരതമ്യം ചെയ്യുന്നു.
വ്യത്യാസങ്ങള്‍ ,ഉള്‍പ്പെടാത്തത് എന്നിവയെക്കുറിച്ച് ചര്‍ച്ച നടക്കുന്നു.
ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം.
ACTIVITY:2-1
CHART:2-2
സമൂഹം--> പ്രശ്നങ്ങള്‍--> വിശകലനം--> കാരണങ്ങള്‍ ,സാദ്ധ്യതകള്‍--> പ്രശ്നപരിഹാരപ്രക്രിയ--> സാമൂഹ്യമാറ്റം.
ചര്‍ച്ച,ആര്‍. പി .യുടെ ക്രോഡീകരണം , അതിന്റെ വെളിച്ചത്തില്‍ CHART:2-3 അവതരിപ്പിക്കുന്നു.
CHART:2-3
പൊതുധാരണകള്‍ :
1.സാമൂഹ്യമാറ്റത്തിന് വിദ്യാഭ്യാസം ആവശ്യമാണ്.
2.സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിനേടിക്കൊടുക്കാലായിരിക്കണം വിദ്യാഭ്യാസം.
3.പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി ഭാവികേരളത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് ആശയാടിത്തറ ഒരുക്കും.
രണ്ടാം ദിവസം
SESSION -3 (ചെക്ക്‍ലിസ്റ്റ് തയ്യാറാക്കല്‍)
ലക്ഷ്യം:
വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യങ്ങളില്‍ കുട്ടികള്‍ എത്തിച്ചേരണമെങ്കില്‍ വിമര്‍ശനാവബോധം വളര്‍ത്തുന്ന രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠനപ്രവര്‍ത്തനങ്ങളും മറ്റും മാറണമെന്ന തിരിച്ചറിച്ച് ഉണ്ടാക്കല്‍
ACTIVITY:3-1
വിമര്‍ശനാത്മക പഠനം-ഒരു കേസ് അവതരണം ( പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് രണ്ട് സ്കൂളുകളില്‍ നടന്ന പ്രവര്‍ത്തനം ആര്‍.പി അവതരിപ്പിക്കുന്നു)
ASSIGNMENT :3-1
1.ഒരേ കാര്യം രണ്ടു വിദ്യാലയങ്ങളില്‍ നടന്ന കാര്യം ശ്രദ്ധിച്ചുവല്ലോ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ അടുത്തത് ഏത് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ? എന്തുകൊണ്ട് ?
2.കുട്ടികളില്‍ യഥാര്‍ത്ഥ വിമര്‍ശനാത്മക അവബോധം സൃഷ്ടിച്ചത് ഏത് വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനമാണ്.
പ്രവര്‍ത്തനങ്ങളെ അപഗ്രഥനത്തിന്റേയും പ്രതികരണത്തിന്റേയും തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ മെച്ചമെന്ത് ?
3.പ്രതികരണത്തിന്റെ തലങ്ങള്‍ ഏതൊക്കെയാകം ?
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
“.ശാസ്ത്രീയമായ പ്രതികരണ സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിന് യോജിച്ച തന്ത്രങ്ങള്‍ മെനയുന്നു. അറിവിന്റെ നിര്‍മ്മാണം നടക്കുന്നു.കുട്ടിയെ പൌരബോധത്തിലേക്ക്പിടിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്നു.“
ASSIGNMENT :3-2
‘വിമര്‍ശനാത്മക പഠനം ‘ എന്ന തലക്കെട്ടോടുകൂടിയ ചോദ്യാവലി ആര്‍. പി കൊടുക്കുന്നു.
ചര്‍ച്ച, ഉത്തരം കണ്ടെത്തല്‍ , ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം , ആര്‍. പി .യുടെ ക്രോഡീകരണം
ASSIGNMENT :3-3
“ നിര്‍വ്വചനം രൂപീകരിക്കല്‍”
1. വിമര്‍ശനാത്മക പഠനത്തിന് നാം കാണുന്ന കാഴ്ചപ്പാടെന്ത് ?
2.അതില്‍ ടീച്ചര്‍ റോള്‍ എന്ത് ?
( ഒരോ അംഗവും ഒരു ഷീറ്റിന്റെ രണ്ടു പുറങ്ങളിലായി എഴുതിത്തരിക )
ACTIVITY:3-2
ആര്‍ .പി വിശദീകരിക്കുന്നു.
Social Constructivism ത്തില്‍ അധിഷ്ഠിതമായ വിമര്‍ശനാത്മക വിദ്യാഭ്യാസമാണ് ഇനിമുതല്‍ നടത്തുവാന്‍ പോകുന്നത് . കഴിഞ്ഞ കാലഘട്ടത്തില്‍ എത്രമാത്രം ഇക്കാര്യത്തില്‍ മുന്നേറിയിട്ടുണ്ട്.?
(100% , 50--100 , 50 ല്‍ താഴെ , തീരെ ഇല്ല , വ്യക്തത കൈവരുന്നില്ല.)
ഈ രീതിയില്‍ ആണോ കാര്യങ്ങള്‍ നടക്കുന്നത് എന്നു തീരുമാനിക്കാനുള്ള സൂചകങ്ങള്‍ നമുക്ക് ഇല്ല. അപ്പോള്‍ എന്തു ചെയ്യും . ഒരു ചെക്ക്‍ലിസ്റ്റ് തയ്യാറാക്കുക . അത്രമാത്രം .

ASSIGNMENT :3-4
വിമര്‍ശനാത്മക വിദ്യാഭ്യാ‍സം ക്ലാസ് മുറികളില്‍ ക്ലാസ് മുറികളില്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ഒരു പരിശോധനപ്പട്ടിക അഥവാ ചെക്ക് ലിസ്റ്റ് തയ്യാറാക്കുക ?
സൂചകങ്ങള്‍ ആര്‍.പി കൊടുക്കുന്നു
1.ഉള്ളടക്കം , ആശയം -നോക്കിക്കാണുന്ന രീതി
2.കൂട്ടായ ചര്‍ച്ചയുടെ പ്രാധാന്യം
3.Scaffolding
4.മുതിര്‍ന്നവരുടെ അനുഭവജ്ഞാനം
5.ടീച്ചര്‍ സ്വയം വികസിപ്പിച്ച പഠനസാമഗ്രികള്‍
6.വിലയിരുത്തലിന്റെ ആധികാരികത
7.പാഠങ്ങളെ സാമൂഹിക കാഴ്ച്ചപ്പാടോടെ വിമര്‍ശനാത്മക അവബോധത്തില്‍ വിലയിരുത്തുവാനുള്ള കഴിവ്
8.സമൂഹത്തില്‍നിന്ന് ആധികാരിക പഠന സാമഗ്രികളുടെ ശേഖരണം
ചര്‍ച്ച,ഗ്രൂപ്പ് ലീഡര്‍ മാരുടെ അവതരണം
ആര്‍.പി മുന്‍പേ തയ്യാറാക്കിയ ചെക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് നല്‍കുന്നു. താരതമ്യം ചെയ്യുവാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും ആവശ്യപ്പെടുന്നു.
ചെക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.
SESSION -4 ( മണ്ണെഴുത്ത് )
ACTIVITY:4-1
‘സ്വത്വം തേടി എന്ന സി.ഡി പ്രദര്‍ശിപ്പിക്കുന്നു.
ASSIGNMENT :4-1
താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ചര്‍ച്ചചെയ്ത് ഉത്തരം കണ്ടെത്താന്‍ പറയുന്നു.
1.സഹപഠിതാവ് എന്ന നിലയില്‍ ടീച്ചര്‍ മാറിയീട്ടുണ്ടോ ?
2.ആധികാരിക വിവര സ്രോതസ്സുകളെ പ്രയോജനപ്പെടുത്തിയോ ?
3.ഒരു കണ്ടെത്തല്‍ തെറ്റാണെന്നുകണ്ടപ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പഠനസംഘം ശ്രമിച്ചോ ? വിമര്‍ശനാ‍ത്മക ബോധന ശാസ്ത്രത്തിന്റെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാക്കിയത് ?
4.ഒരു പ്രശ്നത്തിന്റെ അന്വേഷണങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ടീച്ചര്‍ അവ ഉപേക്ഷിച്ചോ ?
5.ടീച്ചര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചുനല്‍കിയ അധിക വിവരങ്ങള്‍ --ടീച്ചേഴ്‌സ് ലോക്കല്‍ ടെക്‍സ്റ്റ് - ഇവിടെ പഠനത്തെ എത്രമാത്രം സഹായിച്ചു?
6.കണ്ടെത്തലുകള്‍ സാമൂഹ്യപ്രസക്തമാണെന്നുതോന്നിയപ്പോള്‍ അത് പൊതുവായി പങ്കുവെച്ചതിന്റെ ഇതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ?
7.ഈ പഠനപ്രക്രിയയില്‍ ടീച്ചര്‍, ഫെസിലിറ്റേറ്റര്‍ എന്ന തലം പ്രാവര്‍ത്തികമാക്കിയതായി തോന്നുന്നുണ്ടോ ?
8.അറിവ് നിര്‍മ്മാണം നടന്നുവോ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
രണ്ടാം ദിവസം ഉച്ചക്കുശേഷം
WORKSHEET:4-1
12-02-08, ചൊവ്വ
ഇന്ന് സ്കൂളില്‍നിന്ന് ദാഹംകൊണ്ട് പൊരിഞ്ഞപ്പോള്‍ നിഖില കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍നിന്ന് ഒരു കവിള്‍ തന്നു. എനിക്ക് ദാഹം മാറിയതേയില്ല. കടനിറയെ വെള്ളം നിറച്ച കുപ്പികള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. എന്റെ കയ്യില്‍ കാശില്ല. ആകാശം കോരിയൊഴിച്ചുതരുന്ന ഈ വെള്ളത്തിന് ആരാ‍ണ് വിലയിട്ടത് ?
അശ്വതിനാരായണന്‍,
ജി.ജി.എച്ച്.എസ്.മാടായി, കണ്ണൂര്‍
1.ഇത് എന്റെ മരം ഡയറിയിലെ ഒരു ഒമ്പതാംക്ലാസുകാരിയുടെ കുറിപ്പാണ് . ഈ ഡയറിക്കുറിപ്പിലൂടെ അശ്വതി ഉന്നയിക്കുന്ന ചോദ്യം ആ‍രുടെയൊക്കെ നേര്‍ക്കാണ് ?
2.ഈ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യത ആര്‍ക്കാണ് ?
3.അശ്വതിയെ ഈ ചോദ്യത്തിലേക്കു നയിച്ച പ്രശ്നം എന്തായിരിക്കാം ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :4-2
1.അശ്വതിനാരായണന്റെ ഈ പ്രശ്നത്തില്‍ നമ്മുടെ വിഷയമായ ‘ഫിസിക്സിലൂടെ‘ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനാകുമോ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ASSIGNMENT :4-3
1.അശ്വതീനാരായണന്റെ ഈ പ്രശ്നത്തില്‍ മറ്റ് വിഷയങ്ങളിലൂടെ പരിഹാരം സാദ്ധ്യമല്ലേ . അവ ഏതൊക്കെ എന്നു പറയാമോ ? എങ്ങനെയാണ് അതിലൂടെ പ്രശ്ന പരിഹാരം നടത്തുക ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:4-2
ദിനാചരണങ്ങളില്‍ പ്രശ്നാധിഷ്ഠിതമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടോ ?
ജൂണ്‍ -5 , ലോക പരിസ്ഥിതിദിനമാണ് .
ഗ്രൂപ്പ് ലീഡര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുന്നു.മറ്റെല്ലാവരും ഏറ്റുചൊല്ലുന്നു.
പരിസ്ഥിതിതിദിന പ്രതിജ്ഞ: ( ഇത് ജൂണ്‍ -5 ന് സ്കൂളില്‍ അവതരിപ്പിക്കാനുള്ളതാണ് )
ഈ വിദ്യാലയവര്‍ഷം മുതല്‍ ഞാന്‍ എന്റെ സ്കൂളും പരിസരവും ഹരിതവും വിമലവുമായി സൂക്ഷിക്കുമെന്നും ഭൂമിയുടെയും അതിലെ സകല ജീവജാലങ്ങളുടേയും നിലനിലിനെ ബാധിക്കുന്ന യാതൊന്നും ഞാന്‍ ചെയ്യില്ലെന്നും എന്റെ ശീലങ്ങള്‍ അത്തരത്തിലാണെങ്കില്‍ ഞാനത് മാറ്റുമെന്നും ഈ പരിസ്ഥിതിദിനത്തില്‍ ഭൂമിയേയും അതിന്റെ അവകാശീകളായ അനന്തകോടി ജീവജാലങ്ങളേയും മുന്‍‌നിര്‍ത്തി പ്രതിജ്ഞ ചെയ്തുകൊള്ളൂന്നു.
ASSIGNMENT :4-4
ഈ പ്രതിജ്ഞ ഫലപ്രാപ്തിയിലെത്തിക്കാന്‍ നാം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം ?
ആസൂത്രണം:
1.ജൂണ്‍ -5 ന് സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലണം
2.എസ്. ആര്‍.ജി യില്‍ ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം .
3.വിവിധ ക്ലബ്ബുകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വീതിച്ചു നല്‍കണം .
4. പരിസ്ഥിതി സൌഹൃദ വിദ്യാലയം എന്ന ആശയം നടപ്പിലാക്കാന്‍ ആവശ്യമായ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക .
5.ഗ്രീന്‍ സ്കൂള്‍ , ക്ലീന്‍ സ്കൂള്‍ , ഹുമൈന്‍ സ്കൂള്‍ എന്ന ആശയത്തില്‍ ഊന്നിയായിരിക്കണം പ്രവര്‍ത്തനങ്ങള്‍
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:4-3
മുദ്രാഗീതം പലവട്ടം ആലപിക്കുന്നു.
“സഹജസ്നേഹസമ്പൂരിതം മാനസം
ഹരിത, ശുദ്ധമിന്നന്റെ വിദ്യാലയം”
( ഇതിന് ഉതകൂന്ന ഒരു പ്രവര്‍ത്തന പുസ്തകമാണ് ഈ വര്‍ഷം കുട്ടികളിലെത്തിക്കാന്‍ പോകുന്ന മണ്ണെഴുത്തു ഡയറി)
ACTIVITY:4-3
“ഇരുളരുടെ പാട്ട് “ ഗ്രൂപ്പ് ലീഡര്‍ ആലപിക്കുന്നു . എല്ലാവരും ഏറ്റുചൊല്ലുന്നു.
മണ്ണേനമ്പിലേലയ്യാ മരിമിരുക്ക് ...
മരത്തെ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെ നമ്പിലേലയ്യാ ഇലയിരുക്ക്..
ഇലയെനമ്പിലേലയ്യാ പൂവിരുക്ക്..
പൂവേ നമ്പിലേലയ്യാ കായിരുക്ക് ..
കായേ നമ്പിലേലയ്യാ നാമിരുക്ക്..
നമ്മേനമ്പിലേലയ്യാ നാടിരുക്ക്...
( മണ്ണീനെ നമ്പി.. അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍പാട്ട് -- ‘ മണ്ണെഴുത്തിന്റെ ആമുഖഗാനം )
മുന്നാം ദിവസം
SESSION: 5
ശാസ്ത്ര പഠനത്തെ സംബന്ധിച്ചുള്ള ധാരണ കൈവരിക്കുക ( ലക്ഷ്യം )
ACTIVITY:5-1
ചാര്‍ട്ട് ( ഒരു നേതാവിന്റെ പ്രസംഗം )
....................പുത്തന്‍ ഉണര്‍വ്വുകളെ ഉള്‍ക്കൊള്ളാന്‍ എന്നും മുന്നില്‍നിന്നീട്ടുള്ള നമ്മുടെ ഗ്രാമം ഇനിമുതല്‍ പ്ലാസ്റ്റിക്ക് വിമുക്തമായിരിക്കുമെന്ന് ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.മുഴുവന്‍ ഗ്രാമവാസികളും ഇനിമുതല്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി വര്‍ജിച്ച് ഈ മഹായജ്ഞത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രേക്ഷകന്റെ പ്രതികരണം :
പ്ലാസ്റ്റിക് എങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കും ?
ASSIGNMENT :5-1
ആര്‍.പി മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
1.പ്രസംഗത്തോടും പ്രേക്ഷകന്റെ അഭിപ്രായത്തോടും നിങ്ങളുടെ പ്രതികരണമെന്താണ് ?
ആരുടെ പ്രതികരണത്തോടാണ് നിങ്ങള്‍ യോജിക്കുന്നത് ?
2.ഇക്കാര്യം കൃത്യമാ‍യി വിശകലനം ചെയ്ത് അഭിപ്രായ പ്രകടനം നടത്തുന്നതിന് ഏതെല്ലാം വിവരങ്ങള്‍ അറിഞ്ഞിരിക്കണം ? ഇതിനുതകുന്ന വിധം ഒരുക്കേണ്ട പഠന സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണ് ? നിങ്ങളുടെ ഉത്തരത്തിനുള്ള ന്യായീകരണമെന്താണ്?
ചര്‍ച്ചാസൂചകങ്ങള്‍ :
1.എന്തൊക്കെ വിവരങ്ങള്‍ ആണ് ശേഖരിക്കേണ്ടത് ?
2.വിശകലന വിധേയമാക്കുന്നതിന് ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ എന്തെല്ലാം ?
3.വിവരശേഖരണത്തിന് ഉപയോഗിക്കാവുന്ന ഉപാധികള്‍ എന്തെല്ലാം ?
4.ഇത് ലഭ്യമാകുന്നതെങ്ങനെ ?
5.ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ടീച്ചറുടെ ഇടപെടല്‍ ആവശ്യമായ സന്ദര്‍ഭങ്ങള്‍ ഏതൊക്കെ ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ACTIVITY:5-2
Print Out നല്‍കുന്നു. ഒരോ ഗ്രൂപ്പിനും ഓരോ ഭാഗം വായിച്ച് കുറിപ്പുതയ്യാറാക്കാന്‍ ആവശ്യപ്പെടുന്നു.
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:5-3
ശങ്കരേട്ടന്റെ കണക്ക് അവതരിപ്പിക്കുന്നു.
എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നതിലെ പൊള്ളത്തരം വെളിവാക്കുന്നു
ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസമെന്ത് ? ( ചര്‍ച്ച)
SESSION: 6
പാഠഭാഗങ്ങളെ ഊന്നിക്കൊണ്ടുള്ള സെഷന്‍
ലക്ഷ്യം :
പുതിയ പാഠ്യപദ്ധതി നിലവിലുള്ള പാഠപുസ്തകത്തില്‍ നടപ്പില്‍ വരുത്തുന്നതിന് കഴിവുണ്ടാക്കല്‍
ACTIVITY:6-1
ചാര്‍ട്ട്
വൈദ്യുതി ഉപഭോഗം കുറക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സിനിമാതാരങ്ങള്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ലോഡ് ഷെഡിംഗും പവര്‍കട്ടും ഇനിയും ഉണ്ടാകുമോ ?
ഈ ചിന്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കുട്ടി ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം തന്റെ കൂട്ടുകാരില്‍ എത്തിക്കുന്നതിനായി നടത്തിയ പരീക്ഷണം നിരീക്ഷിക്കൂ.
പരീക്ഷണം കാണിക്കുന്നു
1. 60 വാട്ടിന്റെ ഒരു ഇന്‍‌കാന്‍ഡസെന്റ് ബള്‍ബ് ഒരു മണിക്കൂര്‍ പ്രകാശിച്ചാല്‍ എത്രയൂണിറ്റ് ചെലവാകും ?
2. 16 വാട്ടിന്റെ ഒരു സി.എഫ്.എല്‍ ഒരു മണിക്കൂര്‍ പ്രകാശിച്ചാല്‍ ചെലവഴിക്കുന്ന ഊര്‍ജ്ജം എത്ര ?
3.സ്കൂളിന്റെ സമീപത്തുള്ള 1000 വീടുകള്‍ ഇതുപോലെ ഇന്‍‌കാന്‍ഡസെന്റ് ലാമ്പിനു പകരം ഒരു സി.എഫ് .എല്‍ മാറ്റി ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭം ഇല്ലേ
4.എങ്കില്‍ ഒരു ദിവസത്തില്‍ ഉണ്ടാകുന്ന ഊര്‍ജ്ജലാഭമെത്ര ?
5.എങ്കില്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടാകുന്ന ഊര്‍ജ്ജലാഭമെത്ര ?
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.
ACTIVITY:6-2
അങ്ങനെയെങ്കില്‍ സി.എഫ്.എല്‍ ലാമ്പുകള്‍ ഉപയോഗിക്കുന്നതല്ലേ നല്ലത് ?
ചര്‍ച്ച
ACTIVITY:6-2
ഒരു അദ്ധ്യപകന്റെ സി.എഫ്.എല്‍ ലാമ്പുകളെ ക്കുറിച്ചുള്ള അനുഭവം വിവരിക്കുന്നു.
1.സി.എഫ്.എല്‍ ലാമ്പുകള്‍ കേടായാല്‍ എന്തുചെയ്യും ?
2.സാമ്പത്തിക ലാഭം ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടോ ?
3.സി.എഫ്.എല്‍ ലാമ്പിന്റെ ഗ്ലാസ് പൊട്ടിച്ചാല്‍ എന്തുചെയ്യും ?
ചര്‍ച്ച
ആര്‍.പി ചാര്‍ട്ട് തൂക്കുന്നു
“ സി.എഫ്.എല്‍ മറ്റൊരു പ്ലാസ്റ്റിക്കാകുമോ ?”
സി.എഫ്.എല്‍ നെ കുറിച്ചുള്ള Print Out നല്‍കുന്നു
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു

മുന്നാം ദിവസം ഉച്ചക്കുശേഷം

ASSIGNMENT :6-1
1.ഇതേപോലെയുള്ള മേഖലകള്‍ 8,9,10 ക്ലാസ്സുകളില്‍നിന്ന് കണ്ടെത്തുക .അവ കണ്ടെത്തി അതുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാനുവല്‍ നിര്‍മ്മിക്കുക ?
ആദ്യം ചര്‍ച്ചചെയ്ത് മേഖലകള്‍ അവതരിപ്പിക്കുക ?
ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കി നല്‍കുക

നാലാം ദിവസം

അതിന്റെ സിമുലേഷന്‍ അവതരിപ്പിക്കുക. ( ബാക്കിയുള്ളവ അവസാനം അവതരിപ്പിക്കുന്നതായിരിക്കും )
ACTIVITY:6-3
Teacher Local Text എന്തെന്ന് ചര്‍ച്ചയിലൂടെ വ്യക്തമാക്കുന്നു.
പ്രിന്റ് ഔട്ട് കൊടുത്ത് കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാന്‍ പറയാം
ACTIVITY:6-4
അനുബന്ധം - ( കേസ് -1 ) വായിച്ച് അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ എന്തുചെയ്യണം ?
Student Profile ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നു
ACTIVITY:6-5
അനുബന്ധം -( കേസ് -2) വായിച്ച് അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുന്നു.

നാലാം ദിവസം ഉച്ചക്കുശേഷം

ACTIVITY:6-6
അറിയിപ്പുകള്‍ - 1
അടുത്തവര്‍ഷത്തെ ക്ലസ്റ്ററിനെക്കുറിച്ച്
1.അടുത്തവര്‍ഷം 8 ക്ലസ്റ്റര്‍ മീറ്റിംഗ് ഉണ്ട്
2.ക്ലബ്ബ് ആക്ടിവിറ്റി , ലോക്കല്‍ ടെക്സ്‌റ്റ് എന്നിവ ഓരോ ക്ലസ്റ്ററിലും കൊണ്ടുവരണം
.ഓരോ ക്ലസ്റ്ററിലും ഉള്‍പ്പെടുത്തേണ്ട മേഖലകള്‍
1.മികവ് (7)
2.ഐ.ടി സാദ്ധ്യതകള്‍ ( 5)
3.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ , ദിനാചരണങ്ങള്‍ (2)
4.Experiments , Improvisation , New trends in Science (4)
5.Teacher Local Text(1)
6.C.E & Profile ( )
7.Term End Evaluation ( )
8. Feed Back (8)
ACTIVITY:6-6
അറിയിപ്പുകള്‍ - 2
സ്കൂള്‍ തുറക്കുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ( ഉച്ചക്കുശേഷം )
1.എല്ലാ അദ്ധ്യാപകരുടേയും മീറ്റിംഗ്
2.കൂടിച്ചേരലിന്റെ ആവശ്യകതയും രീതിയും അവതരിപ്പിക്കണം
3.സബ്‌ജക്ട് കൌണ്‍സില്‍ ചേരണം
5.പ്രസ്തുത വിഷയവുമായി ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം
6. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സബ്‌ജക്ട് കൌണ്‍സില്‍ കണ്‍‌വീനര്‍മാരെ തിരഞ്ഞെടുക്കണം
7.അവര്‍ പൊതുവായപ്രവര്‍ത്തനങ്ങള്‍ , സമയം എന്നിവ കണ്ടെത്തണം
8.ഇവ ക്രോഡീകരിച്ച് വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം
ACTIVITY:6-7
.ഈ പ്രവര്‍ത്തനങ്ങളൊക്കെ ഈ വിധം ക്രോഡീകരിക്കണമെങ്കില്‍ നാം എന്തുചെയ്യണം .
അംഗങ്ങള്‍ ഗ്രൂപ്പ് തിരിയുന്നു. ചര്‍ച്ചചെയ്ത്- ഗ്രൂപ്പ് ലീഡര്‍ അവതരിപ്പിക്കുന്നു. ആര്‍.പി. ക്രോഡീകരിക്കുന്നു.

ACTIVITY:6-8
ഓരോ അംഗവും അവനവന്റെ വിഷയവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.
സിമുലേഷനില്‍ ബാക്കിയുള്ളവയുടെ അവതരണം

Friday, May 30, 2008

ഇരുളരുടെ പാട്ട്

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേ നമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പേ നമ്പിലേലയ്യാ ഇലയിരുക്ക്
ഇലയേ നമ്പിലേലയ്യാ പൂവിരുക്ക്
പൂവേ നമ്പിലേലയ്യാ കായിരുക്ക്
കായേ നമ്പിലേലയ്യാ നാമിരുക്ക്
നമ്മേ‌നമ്പിലേലയ്യാ നാടിരുക്ക്

(മണ്ണിനെ നമ്പി ...മണ്ണിനെ അറിഞ്ഞ് , വിശ്വസിച്ച് , ആദരിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിത ദര്‍ശനം നിഴലിക്കുന്ന നാടന്‍ പാട്ട് )
( അവധിക്കാല അദ്ധ്യാപക പരിശീലനത്തില്‍നിന്ന് )

Sunday, May 11, 2008

വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പുതിയ സേവിംസ് ബാങ്ക് അക്കൌണ്ട് !! ( ഹാസ്യം )

ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഗോപാലന്‍ മാഷ് രോഷാകുലനായിരുന്നു.

പത്തുമുപ്പതുകൊല്ലം സര്‍വ്വീസുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് ഇന്നലെ വന്നവര്‍ വെലവെക്കുന്നില്ല പോലും....

ഹേഡ്‌മാസ്റ്ററാണെങ്കിലോ ഈ ചെറുപ്പക്കാരായ അദ്ധ്യാപകരുടെ കൂടെയും .

ഇവറ്റകള്‍ക്കാണെങ്കിലോ എന്തു താന്‍ പറഞ്ഞാലും കളിയും ചിരിയും ...

കാര്യമേത് , കളിയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വക..

അപ്പോഴേക്കും ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസ് കൂടാനുള്ള മണി അടിച്ചിരുന്നു.

കുട്ടികളെല്ലാവരും ക്ലാസില്‍ കയറി .

മാഷിന് ആറാം ക്ലാസ് ബി യില്‍ സാമൂഹ്യം ആയിരുന്നു ക്ലാസ് .

മാഷ് ക്ലാസിലെത്തി..

മാഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...

മീറ്റിംഗ് കഴിഞ്ഞീട്ട് കഷ്ടിച്ച് അഞ്ചുമിനിട്ടേ ആകുന്നുള്ളൂ..

അതുകൊണ്ടുതന്നെ മാഷിന്റെ ഉള്ളം പുകയുകയാണ് ..

കുട്ടികള്‍ ‘നമസ്തെ ‘ പറഞ്ഞു.

മാഷ് തിരിച്ച് അഭിവാദ്യം ചെയ്യാന്‍ മിനക്കെടാതെ ‘സിറ്റ് ഡൌണ്‍ ‘ പറഞ്ഞു.


മാഷ് കുട്ടികളെ നോക്കി .

അവര്‍ താല്പര്യമില്ലാത്തെ മട്ടിലിരിക്കുന്നു.

ഇതുകണ്ട മാഷിന്റെ കോപം ആളിക്കത്തി.

ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല ....

മാഷ് സാമൂഹ്യത്തിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു.

ചോദ്യങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു..

എന്ത് ?

ആരും ഉത്തരം പറയുന്നില്ല എന്നോ..

ഇവറ്റകളോക്കെ എന്തിനാ ക്ലാസില്‍ വരുന്നേ ..

മാഷിന്റെ കോപം ഇരട്ടിച്ചു.

മേശപ്പുറത്ത് ചൂരല്‍ ഇരിക്കുന്നത് മാഷ് കണ്ടു.

നല്ല മിനുസമുള്ള - വണ്ണത്തിലുള്ള - ചൂരല്‍

മാഷ് അതിനെ കയ്യിലെടുത്തു.

ഓരോരുത്തര്‍ക്കായി നന്നാലേശെ കൊടുത്തു.

മാഷിന് മീറ്റിംഗ് കഴിഞ്ഞപ്പോഴത്തെ ‘ അസ്വസ്ഥത’ ഒന്നു മാറിക്കിട്ടിയതായി തോന്നി.

കുട്ടികള്‍ പേടിച്ചരണ്ട് എണീറ്റുനില്‍ക്കുന്നു.

പലരുടെയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്

ക്ലാസിലെ മിടുക്കരായ പിള്ളേര്‍ പോലും പഠിക്കാതെ വന്നിരിക്കുന്നു.

അതാണ് മാഷിനെ ചൊടിപ്പിച്ച മറ്റൊരു കാര്യം

ഇനി , അടി മാത്രം മതിയോ...

ഓ , ശരിയാണല്ലോ..

ഒരു ഇമ്പോസിഷന്‍ കൂടി ആയിക്കോട്ടെ..

പത്തോ , അമ്പതോ വേണ്ട...

ശരി , അമ്പതുതന്നെ ആയിക്കോട്ടെ

“നാളെ വരുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അമ്പതു പ്രാവശ്യം എല്ലാവരും എഴുതിക്കൊണ്ടുവരിക” ഗോപാലന്‍ മാഷ് കുട്ടികള്‍

എല്ലാവരും കേള്‍ക്കാന്‍ പറഞ്ഞു.

അപ്പോള്‍ നടുവിലെ - ആണ്‍പിള്ളേരുടെ ബഞ്ചില്‍-- ഒരു പിറുപിറുക്കല്‍.......

എന്തടാ അവിടെ ...” മാഷ് അലറി.

“ ഇതിന്റെ ഉത്തരം ഞങ്ങള്‍ക്ക് അറിയില്ല മാഷേ , ഇത് മാഷ് പഠിപ്പിക്കാത്ത പാഠമാ”
പിന്‍‌ബെഞ്ചില്‍ നിന്ന് ഏതോ ഒരു കുസൃതിക്കുട്ടന്‍ വിളിച്ചു പറഞ്ഞു.

“ എന്ത് ? ഞാന്‍ പഠിപ്പിച്ചില്ലെന്നോ ?” മാഷ് വീണ്ടും രോഷാകുലനായി
മാഷ് ക്ലാസില്‍ എല്ലാവരേയും നോക്കി.

പിന്നെ, ക്ലാസിലെ മിടുക്കിയായ മിനിയോടായി ചോദ്യം

“ ഈ പാഠം ഞാന്‍ ക്ലാസിലെടുത്തില്ലേ”

മിനി പരുങ്ങി നിന്നു.

തന്റെ അച്ഛനെ പഠിപ്പിച്ചീട്ടുള്ള മാഷാണ്...
എങ്കിലും.........
സത്യം പറഞ്ഞില്ലെങ്കില്‍... ക്ലാസുവിട്ടാല്‍ ... പിള്ളേരുടെ വകകിട്ടും ..

സത്യം പറഞ്ഞാല്‍ ... മാഷ് .... എന്തുവേണമെങ്കിലും ....ചെയ്യും ?

മാഷിന്റെ മേശയില്‍ ഇപ്പോഴും ചൂര്‍ല്‍ ഇരിപ്പുണ്ട്..

മിനിയുടെ വായില്‍നിന്ന് ശബ്ദം പുറത്തേക്കുവരുന്നില്ല

“ പറയാനാ പറഞ്ഞേ “ മാഷ് വീണ്ടും അലറി

“ ഈ പാഠം പഠിപ്പിച്ചിട്ടില്ല മാഷേ “ , പെട്ടെന്ന് മിനി പേടിച്ചുവിറച്ചുകൊണ്ടു പറഞ്ഞു.

മാഷ് ഇടിവെട്ടേറ്റപോലെയായി!!

പെട്ടെന്ന് മാഷിനോര്‍മ്മവന്നു

പിള്ളേര്‍ പറഞ്ഞത് ശരിയാ

‘ആറ് എ’ ക്ലാസിലാണ് താന്‍ ഈ പാഠം എടുത്തീ‍ട്ടുള്ളത് ; ഈ ക്ലാസില്‍ എടുത്തീട്ടില്ല .

ആ നശിച്ച മീറ്റിംഗ് വരുത്തിവെച്ച വിന

എല്ലാ കുട്ടികളുടേയും കണ്ണ് തന്റെ മുഖത്തേക്കാണ് .

തല്‍ക്കാലം ഒരാശ്വാസത്തിന് മാഷ് “സിറ്റ് ഡൌണ്‍ “ പറഞ്ഞു.

ഇനി എന്താ ചെയ്യാ ?

ഇതെങ്ങാനും‘ മറ്റവവന്മാര്‍‘ അറിഞ്ഞാല്‍ ..

ഹെഡ്‌മാഷും അവരുടെ കൂടെയല്ലേ ..

അപ്പോള്‍ ഇതിനെ ചൊല്ലി വീണ്ടും ഒരു ടീച്ചേഴ്‌സ് മീറ്റിംഗ് വിളിക്കും.

അവിടെവെച്ച് തന്നെ ഇട്ട് എല്ലാവരും -വറക്കും - പൊരിക്കും .

ഈശ്വരാ‍..

എന്താ ചെയ്യാ..

ഇനി, അതല്ല പി.ടി.എ എങ്ങാനും അറിഞ്ഞാല്‍ ...

അദ്ധ്യാപക രക്ഷാകര്‍തൃസംഘടനക്കൊക്കെ ഇപ്പോ വല്ല്യ നെലെം വെലെം അല്ലേ

അത് അതിലും വലിയ തൊന്തരവ് ....

സ്കൂള്‍ മതിലില്‍ പോസ്റ്റര്‍ , നോട്ടീസ് ..

‘ആലോചിക്കാനും കൂടി വയ്യ..

അപ്പോള്‍ മാഷിന് ഒരു ബുദ്ധി തോന്നി

ഒള്ള കാര്യം കുട്ടികളോട് തന്നെ പറയ്യാ..

അല്പം താന്നാലും എന്താ...

താന്‍ പഠിപ്പിക്കണ കുട്ട്യോളല്ലേ

അല്ലേങ്കിലും സ്നേഹിക്കണോരെ മുന്നില് അല്പം താന്നൂ നെച്ചാ അതൊരു കൊറച്ചിലല്ലല്ലോ..

മാഷ് പറഞ്ഞു.

ഇപ്പോ , ഇനി എന്താ ചെയ്യാ...

മാഷ് വിനീതനായി...

മാഷിന്റെ മുഖത്ത് ദൈന്യത വിരിഞ്ഞു..

ഇനി , ഇമ്പോസിഷന്‍ വേണ്ടെന്നുവെക്കാം .

അല്ല , വേണ്ട എന്ന് ഉറപ്പ് ..

പക്ഷെ , തന്ന അടി എങ്ങനെ തിരിച്ചെടുക്കും.

മാഷിനെ തിരിച്ചൂതല്ലിയാല്‍ ..

കുട്ടികള്‍ മാഷിനെ അടിക്കുകയോ ..

എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ!!

“ ഇനി നിങ്ങള്‍ പറയ്യാ , ഞാന്‍ എന്താ വേണ്ടേ “

അപ്പോള്‍ പിന്‍ബെഞ്ചിലെ കുസൃതിക്കുട്ടന്‍ എണീറ്റുനിന്നു.

മാഷ് കുസൃതിക്കുട്ടനെ നോക്കി.

ക്ലാസില്‍ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ബ്ലാക്കില്‍ -മുയല്‍ ,പ്രാവ്, സ്വര്‍ണ്ണ മത്സ്യം , സി.ഡികള്‍ - എന്നിവ ഇപ്പോഴും ഇവന്‍

കടയിലേതിനേക്കാല്‍ പത്തുശതമാനം കുറവില്‍ കച്ചവടം ചെയ്യുന്നുണ്ടെന്നാണ് മാഷിനു കിട്ടിയിട്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .

പക്ഷെ, തെളിവില്ലാത്തതിനാല്‍ , കുസൃതിക്കുട്ടനെ ശിക്ഷിക്കാന്‍ അവസരം മാഷിന് കിട്ടിയിട്ടില്ല.

കച്ചവടത്തില്‍ ലാഭം ഉള്ളതിനാല്‍ കുസൃതിക്കുട്ടന്റെ ‘കസ്റ്റമേഴ്സ്., ആരും തന്നെ ഇതുവരേക്കും ഒരു പരാതിയും പറഞ്ഞിട്ടില്ല.

( അല്ലേങ്കിലും ഏതെങ്കിലും കുഴല്‍പ്പണ ഉപഭോക്താക്കള്‍ ഉപഭോക്തൃകോടതിയില്‍ പോയിയീട്ടുണ്ടോ)

മാഷ് കുസൃതിക്കുട്ടനെ പറഞ്ഞോ എന്ന മട്ടില്‍ പ്രോത്സാഹിപ്പിച്ചു.

അപ്പോള്‍ കുസൃതിക്കുട്ടന്‍ പറഞ്ഞു.

മാഷ് ഒരു ‘ബാങ്ക് ‘ തുടങ്ങിയാല്‍ മതി .

അതായത് “ അടി ബാങ്ക് “

ഓരോരുത്തരുടേയും പേരില്‍ അക്കൌണ്ട് ഇപ്പോ തുടങ്ങി എന്നു വിചാരിക്കുക .

അതായത് , ഇപ്പോ ഓരോരുത്തരുടേയും പേരില്‍ ‘നാല് ‘ അടി ബാങ്കിലുണ്ട്.

ഇനി ഇതുപോലെ ശിക്ഷിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ നാല് അടിയില്‍ നിന്ന് കുറച്ചാല്‍ മതി. അപ്പോ ആ സമയത്ത് മാഷ് കുട്ടികളെ

അടിക്കേണ്ട.

മാഷ് കുട്ടികളെ നോക്കി
“ ഉഗ്രന്‍ ഐഡിയ ‘ എന്ന മട്ടിലാണ് കുട്ടികളിരിപ്പ് ..

മാഷിന് തനിക്കു കിട്ടിയത് കച്ചിത്തുരുമ്പല്ല , അസ്സല്‍ ഉരുക്കു കയറാ കിട്ടിയത് എന്നു മനസ്സിലായി.

പിന്നെ , താമസിച്ചില്ല.

“ എന്നാല്‍ ഈ പിരീഡുമുതല്‍ കുസൃതിക്കുട്ടന്‍ പറഞ്ഞരീതിയിലുള്ള ‘അടി ബാങ്ക് ‘ തുടങ്ങിയിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു”

ക്ലാസില്‍ കരഘോഷം സുനാമി കണക്കെ

അങ്ങനെ ആദ്യമായി ഒരു അടി ബാങ്ക് നിലവില്‍ വന്നു.


വാല്‍ക്കഷണം

അദ്ധ്യാപകര്‍ക്ക് നോട്ട്‌സ് ഓഫ് ലെസന്‍ വേണമെന്നാണ് നിയമം; എങ്കിലും പലരും അത് കണക്കിലെടുക്കാറില്ല.

ചിലരാണെങ്കിലോ ക്ലാസ്സെടുത്തുകഴിഞ്ഞീട്ടായിരിക്കും ടീച്ചിഗ് നോട്ട് എഴുതുക.

ടീച്ചിംഗ് നോട്ട് ഉണ്ടെങ്കില്‍ താന്‍ ഇന്ന ക്ലാസില്‍ ഇന്നത് എടുത്തു എന്നും മറ്റുമുള്ള വിവരങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ടായിരിക്കും.

ഈ സാങ്കല്പിക കഥ അദ്ധ്യാപന പരിശീലന ക്ലാസില്‍ പറയാരുള്ളതാണ് .

ഇതിലെ കഥാ പാത്രങ്ങള്‍ സാംങ്കല്പികമാണ്.

അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ മാനസീക അന്തരീക്ഷം പ്രദാനം ചെയ്യണമെന്നുകൂടി ഇവിടെ വരികള്‍ക്കിടയിലൂടെ

പറയുന്നു.

മാത്രമല്ല , എന്തിനാണ് ഇം‌മ്പോസിഷന്‍ കൊടുക്കുന്നത് .?

കൈ വിരലുകളിലെ മാം‌സപേശികളുടെ വ്യായാമത്തിനാണൊ ?

അമ്പതും നൂറും ഇമ്പോസിഷന്‍ കൊടുക്കുന്നത് ശരിയാണോ?

Saturday, May 10, 2008

അരണ കടിച്ചാല്‍ ഉടനെ മരണം !!

ദേവകി ടീച്ചര്‍ ഏഴാം ക്ലാസ് ബി യില്‍ എത്തി.

പിള്ളേര്‍ എണിറ്റ് നമസ്തേ പറഞ്ഞു ; ചിലര്‍ എണീക്കാതെയും എന്തോ ചെയ്തു.

എങ്കിലും ടീച്ചര്‍ അതു കാര്യമാക്കിയില്ല.

ടീച്ചര്‍ പുസ്തകം തുറന്നു .

“ കഴിഞ്ഞ ക്ലാസില്‍ എവിടം വരെയാ എടുത്തു നിര്‍ത്ത്യേ“

“ പാഠം പത്ത് കഴിഞ്ഞൂ ടീച്ചറേ “ മണ്‍സൂര്‍ വിളിച്ചു പറഞ്ഞു.

“ ഏയ് കഴിഞ്ഞില്ല , അവന്‍ വെറുതെ പറയ്യാ “

“ അത് ട്യൂഷന്‍ ക്ലാസിലാ കഴിഞ്ഞത് “

“ നീയ്യ് കഴിഞ്ഞത് ശ്രദ്ധിക്കാത്തോണ്ടാ”

- ഇങ്ങനെയുള്ള കോലാഹലം ക്ലാസില്‍ നടന്നു.

“ ഒരാള്‍ക്കും ഒരോര്‍മ്മയും ഇല്ല - ഞാന്‍ ഒരാഴ്ച ലീവ് കഴിഞ്ഞ് വന്നപ്പോഴുള്ള അവസ്ഥ നോക്കണേ. പുസ്തകമാണെങ്കിലോ ഇക്കൊല്ലം മാറീതും ‘’ ടീച്ചര്‍ സ്വയം പിറുപിറുത്തു.

അതിനിടെ ഭൂരിപക്ഷം നോക്കാമെന്നായി ടീച്ചര്‍

അതിനുവേണ്ടി കൈ പൊന്തിക്കാന്‍ പറഞ്ഞു.

“ കഴിഞ്ഞില്ലാ എന്ന് ഉറപ്പുള്ളവര്‍ കൈ പൊന്തിക്ക് “

കൈകള്‍ ഉയര്‍ന്നു ( ചിലര്‍ രണ്ടു കൈയ്യും പൊക്കി )

ടീച്ചര്‍ എണ്ണി - ഭൂരിപക്ഷം കഴിഞ്ഞീട്ടില്ല എന്നാണ് .

പിന്നെ , എന്തോ ഓര്‍ത്തീട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായ മധുവിന്റെ അടുത്തു വന്നു . അവനോട് ചോദിച്ചു.


പാഠം കഴിഞ്ഞു വെന്നു അതിനു തെളിവായി ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന നോട്ട് അവന്‍ ടീച്ചര്‍ക്ക് കാണിച്ചു കൊടുത്തു.

പിന്നെ ടീച്ചര്‍ വേറെ ഒന്നിന്നും നിന്നില്ല .

“ എല്ലാവരും പുസ്തകം എടുക്ക് “

“ പാഠം പതിനൊന്ന് എടുക്ക് “

“ പാഠം പതിനൊന്ന് - അരണ “ ടീച്ചര്‍ വായിച്ചു.

ഒരു വരി പുസ്തകത്തില്‍ നോക്കി വായിക്കുകയും പിന്നീട് ആ വരിയെക്കുറിച്ച് തിരിച്ചും മറിച്ചും വിശദീകരണവുമായി ക്ലാസ് മുന്നേറി.

അങ്ങനെ ആ പേജിലെ അവസാനത്തെ വരിയിലെത്തി.

“ അരണ കടിച്ചാല്‍ ഉടനെ മരണം ‘’ ടീച്ചര്‍ ആ വരി ഭീതിയുടെ സ്വരത്തില്‍ അവതരിപ്പിച്ചു.

ക്ലാസ് നിശ്ശബ്ദമായി

ടീച്ചര്‍ വിശദീകരണം നല്‍കി

“ കുട്ടികളെ നിങ്ങളുടെ മുറ്റത്തും പറമ്പിലുമൊക്കെ ‘അരണ’യെ കാണാറില്ലേ . സൂക്ഷിക്കണം . അത് കടിച്ചാല്‍ ഉടനെ മരിക്കും . ഇനി മുതല്‍

അരണയെ കാ‍ണുമ്പോള്‍ സൂക്ഷിക്കുക . അതെങ്ങാനും കടിച്ചാല്‍ ............... “

ടീച്ചര്‍ക്കു മുഴുവനാക്കാന്‍ പടിയില്ല . അപ്പോഴേക്കും ആ പിരീഡ് അവസാനിക്കുന്ന ബെല്‍ അടിച്ചു.

**** **** ***** **** ****

പിറ്റേദിവസം പ്രസ്തുത ക്ലാസില്‍ ടീച്ചറെത്തി.

പതിവുപോലെ ...........

എവിടെയാ നിറുത്തിയതെന്ന് ചോദിച്ചു.

“ അരണ കടിച്ചാല്‍ ഉടനെ മരിക്കും” കുട്ടികള്‍ പറഞ്ഞു.

ടീച്ചര്‍ ആ പേജ് എടുത്തു.

കഴിഞ്ഞ ക്ലാസില്‍ അവസാനിപ്പിച്ചു നിറുത്തിയ ഭീതിജനകമായ പ്രസ്താവന - “ അരണ കടിച്ചാല്‍ ഉടനെ മരണം“ - വീണ്ടും ആവര്‍ത്തിച്ചു.

പിന്നെ ഒന്നു കൂടി വിശദീകരിച്ചു
പിന്നെ , പേജ് മറച്ചു, ടീച്ചര്‍ ഉറക്കെ വായിച്ചു.

അപ്പോള്‍ ആദ്യവരി തന്നെ ടീച്ചറുടെ ഉന്മേഷം തകര്‍ത്തു.

“ .....എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട് . എന്നാല്‍ അത് ശരിയല്ല.” എന്നതായിരുന്നു ആ പേജിലെ ആദ്യ വരി

....................

.....................

.....................

വാല്‍ക്കഷണം

ഇത് സംഭവകഥയല്ല . അതുകൊണ്ടുതന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ സാംങ്കല്പികമാണ് . അവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ ,

മരിച്ചുപോയവരോ ആയി സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം . അദ്ധ്യാപക പരിശീലന വേളയില്‍,ക്ലാസിലേക്ക് തയ്യാറെടുപ്പിലാതെ

പോകുന്ന അദ്ധ്യാപകരെക്കുറിച്ച് പറയുമ്പോള്‍ ഈ കഥ ആവര്‍ത്തിക്കാറുണ്ട്.