സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ നടക്കുന്ന ക്ലാസ് മുറി
സമയം : ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇന്റര്‍വെല്‍
ക്ലാസില്‍ ആര്‍.പി മാരൊന്നും ഇല്ല.
കുറച്ച് അദ്ധ്യാപകരും അദ്ധ്യാപികമാരും ഉണ്ട്.
അഞ്ചാറു മാഷന്മാര്‍ കൂടിയാല്‍ എന്താ സംഭവിക്ക്യാ?
അതും ഫിസിക്സ് മാഷന്മാരായാല്‍ ?
സംഭവം വേറൊന്നും ഉണ്ടാവില്ല.
പക്ഷെ , ചര്‍ച്ച പൊടിപൂരമാവും !!
അത്രതന്നെ
അതു തന്നെയാ ഇവിടെയും സംഭവിച്ചത്.
അങ്ങനെ അഞ്ചാറു ഫിസിക്സ് ടീച്ചേഴ്സ് കൂടിച്ചേര്‍ന്നെന്ന് സങ്കല്പിച്ചാല്‍...........
“ അങ്ങനെയായാല്‍ ഇങ്ങനെയാവുമെന്നും അങ്ങനെയും ഇങ്ങനെയുമൊക്കെ ആയി സങ്കല്പിച്ചാല്‍ ഇങ്ങേയും അങ്ങനെയുമൊക്കെ ആവുമെന്നും ഒക്കെ സങ്കല്പിക്കുകയൊ വിചാരിക്കുകയോ ചെയ്യുന്നതില്‍ ........ പ്രസ്തുത വിഷയക്കാര്‍ക്ക് തെറ്റുപറയാന്‍ ഒക്കത്തില്ലല്ലോ...”
പുറത്ത് സുന്ദരമായ കാലാവസ്ഥ........
ഇളം മന്ദമാരുതന്‍ എല്ലാവരേയും അവിടെയും ഇവിടെയും ഓടിക്കൊണ്ടിരിക്കുന്നു.
ആ സമയത്താണ് ഗ്രാവിറ്റി മാഷ് മുരടനക്കിയത് .
“ ഇനി ഇപ്പോ കുറേ പോസ്റ്റ് കാര്‍ഡ് വാങ്ങണം”
എന്തിനാണെന്ന മട്ടില്‍ മറ്റുള്ളോര്‍ തലയുയര്‍ത്തി
“റോക്കറ്റ് വിക്ഷേപണത്തില്‍ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഏതാ?”
ഗ്രാവിറ്റി മാഷ് മുഖവുര കൂടാതെ വിഷയത്തിലേക്ക് കടന്നു
( മുഖവുര നെഗ്ളിജിബിളി സ്മോള്‍ ആയതിനാല്‍ അത്തരം അവശ്യങ്ങളോക്കെ അദ്ദേഹം നെഗ്‌ളക്ട് ചെയ്യുകയാണ് പതിവ് . അത് മറ്റുള്ളോര്‍ മനസ്സിലാക്കിയതിനാല്‍ ആര്‍ക്കും പരിഭവം ഇല്ലതാനും )
മറ്റുള്ളവരുടെ മുഖത്ത് കള്ളച്ചിരി!!
“മാഷ് പറയുന്നത ഹാന്‍ഡ് ബുക്കിലെ വിവരണം കണ്ടീട്ടായിരിക്കും അല്ലേ “
ഫ്രീക്വന്‍സി ടീച്ചര്‍ ഉച്ചത്തില്‍ ചോദിച്ചു.
“ ഈ നാളുവരെ റോക്കറ്റിന്റെ ചലനം പ്രതിപ്രവര്‍ത്തനം എന്നും വാതകങ്ങള്‍ കത്തി പുറത്ത് പോകുന്നത് പ്രവര്‍ത്തനം എന്നുമാണ് പഠിപ്പിച്ചിരുന്നത് . എന്നിട്ടിപ്പോ?“
“ഫിസിക്സ് അദ്ധ്യാപകനിലും അത് ചര്‍ച്ചക്കുവന്നിരുന്നു. അതിന് ദേ ഇവിടെ നോക്ക്യാ മതി” ലാപ് ടോപ്പ് കയ്യിലുണ്ടായിരുന്ന ഒരു ഐ.ടി മാഷ് ഉടന്‍ പ്രതികരിച്ചു.
“ എങ്ങന്യാ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും തിരിച്ചറിയാ?” ആക്കം മാഷ് കാര്യം മനസ്സിലാകാത്തമട്ടില്‍ പ്രതികരിച്ചു.
“ അതിന് ഏതാ ആദ്യം നടന്നതെന്ന് നോക്ക്യാ മതി. ആദ്യം നടന്നത് പ്രവര്‍ത്തനം പിന്നത്തേത് പ്രതിപ്രവര്‍ത്തനം “ ആവേഗം ടീച്ചര്‍ കണ്ണട മുഖത്ത് തറപ്പിച്ചുവെച്ച് ഉത്തരം പറഞ്ഞു
“പ്രവര്‍ത്തനം ഇല്ല്യാണ്ട് പ്രതിപ്രവര്‍ത്തനം ഉണ്ടാവോ ?” സംശയം സാന്ദ്രത ടീച്ചറുടേതാണ്.
“അച്ഛനില്ലാണ്ട് കുട്ട്യോള് ണ്ടാവ്‌ണ വിദ്യ സയന്‍സ് കണ്ടുപിടിച്ച കാലാണ് ; അതോണ്ട് ഒന്നും പറയാന്‍ പറ്റില്ല.” ക്ലോണിംഗ് മാഷുടെ ഈ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.
" റോക്കറ്റിന്റെ കാര്യത്തില്‍ നമ്മള്‍ എന്താ പറഞ്ഞു കൊടുക്കാ?”
സംശയം ആക്കം മാഷിന്റേതാണ്.
“അതൊക്കെ ഹാന്‍ഡ് ബുക്കില് വ്യക്തമായി പറഞ്ഞിട്ടുണ്ട് ടീച്ചറെ “ ഗ്രാവിറ്റി മാഷ് കണ്ണടയെടുത്ത് ഹാന്‍ഡ് ബുക്ക് നിവര്‍ത്തി പറഞ്ഞു
“എന്നാ അതൊന്നു വായിക്കൂന്നേ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍
“ വായിക്കാനൊന്നും പറ്റില്ല . എങ്കിലും കാര്യം പറയാം . റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനം കത്തുന്നു. അപ്പോള്‍ വാതക തന്മാത്രകള്‍ ജ്വലന അറയുടെ ഭിത്തിയില്‍ ചെന്നിടിക്കുന്നു.ഇതാണ് പ്രവര്‍ത്തനം .വശങ്ങളില്‍ ഇത് മൂലമുണ്ടാകുന്ന പ്രവര്‍ത്തനം പൂജ്യം ആയിരിക്കും .കാരണം ഇടതുവശത്തു ചെന്നിടിക്കുന്നയത്ര തന്മാത്രകള്‍ വലതുവശത്തും ചെന്നിടിക്കുന്നു.അത് വഴി അവ തമ്മില്‍ ക്യാന്‍സല്‍ ആകുന്നു. ജ്വലന അറയുടെ അടിഭാഗം തുറന്നതായതുകൊണ്ട് മുകളില്‍ ചെന്നിടിക്കുന്ന തന്മാത്രകളുടെ ബലം അവശേഷിക്കുന്നു. ഈ പ്രവര്‍ത്തനമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത് .ജ്വലന അറയുടെ മുകള്‍ ഭാഗം പ്രയോഗിക്കുന്ന
പ്രതിപ്രവര്‍ത്തനം മൂലം ഈ വാതക തന്മാത്രകള്‍ തിരിച്ച് താഴേക്ക് പോകുകയും നോസിലില്‍ക്കൂടി പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇവിടെ ഉന്നത മര്‍ദ്ദം കാരണം വാതകങ്ങള്‍ പുറത്തേക്ക് ചീറ്റുന്നത് പ്രതിപ്രവര്‍ത്തനമായും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രവര്‍ത്തനമായും കണക്കാക്കുന്നു”
അവിടെ ഒരു തല്‍ക്കാല നിശ്ശബ്ദത പടര്‍ന്നു.
“ അതോണ്ടാ ഞാന്‍ പോസ്റ്റ്കാര്‍ഡ് വാങ്ങണമെന്ന് പറയുന്നേ . പഠിച്ചുപോയ കുട്ട്യോള്‍ക്കൊക്കെ ശരിയായ ഉത്തരം എഴുതി അയക്കാന്‍ “ ഗ്രാവിറ്റി മാഷിന്റെ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.
“ മാഷിനെ എന്തിനാ കള്യാക്കുന്നേ . പി .സി തോമസ്സിന്റെ എന്‍ട്രന്‍സ് ക്ലാസിലും ഇങ്ങനത്തന്യാന്ന്‍ കുട്ട്യോളു പറഞ്ഞു
മേഘ ടീച്ചര്‍ അസ്വസ്ഥതയോടെ ഇടപെട്ടു
“അതായത് നാം തറയില്‍ നടക്കുമ്പോള്‍ തറയില്‍ പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനവും നാം മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും ആണ്” ആക്കം മാഷ് വിശദമാക്കി.
“നാം തറയില്‍ പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ ഏതാ” ബലം മാഷ് ചോദിച്ചു.
“പിന്നിലേക്കോ അതോ താഴേക്കോ”
“എങ്ങന്യാ താഴേക്കാവുന്നേ , മുന്നിലേക്കല്ലേ നാം പോകുന്നേ അതോണ്ട് പ്രവര്‍ത്തനത്തില്‍ ബലം പ്രയോഗിക്കുന്ന ദിശ പിന്നിലേക്ക്യാ”
“മുന്‍പ് എങ്ങന്യാ റോക്കറ്റിനെ കാര്യം പഠിപ്പിച്ചിരുന്നേ ”ഈയടുത്ത കാലത്ത് സര്‍വ്വീസില്‍ പ്രവേശിച്ച ജൂനിയറായ ആല്‍ഫ ടീച്ചര്‍ ചോദിച്ചു.
“വാതകം നോസിലിലൂടെ കത്തി പുറത്തേക്ക് പോകുന്നത് പ്രവര്‍ത്തനവും റോക്കറ്റ് മേല്പോട്ട് കുതിക്കുന്നത് പ്രതിപ്രവര്‍ത്തനവും എന്നായിരുന്നു” ഏറ്റവും സീനിയറായ ബ്ലാക്ക് ഹോള്‍ മാഷ് വിശദീകരിച്ചു.കാര്‍ മുന്നോട്ടു പോകുമ്പോള്‍ കാറില്‍ നിന്ന് പുക പോകുന്നത് പ്രതിപ്രവര്‍ത്തനവും കാര്‍ മുന്നോട്ടു പോകുന്നത് പ്രവര്‍ത്തനംവും ആകുമോ “
ഓട്ടോ മാഷ് കളിയാക്കി ചോദിച്ചു.
ഇത് കേട്ട് എല്ലാവരും ചിരിച്ചു
“ചിരിക്കാതെ ഉത്തരം പറയൂന്നേ “
ഓട്ടോ മാഷ് വെല്ലുവിളിച്ചു.
“കാര്‍ ചലിക്കുന്നതിനെ റോക്കറ്റിന്റേതുമായി ബന്ധപ്പെടുത്തി പറയാനൊക്കത്തില്ല. കാര്‍ , തറയില്‍ ബലം പ്രയോഗിക്കുന്നത്പിന്നിലേക്കാണ് . ഇത് പ്രവര്‍ത്തനമാണ്. കാര്‍ മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും .. എന്നാല്‍ കാറിന് പിന്നിലേക്ക് പ്രയോഗിക്കാനാവശ്യമായ ബലം നല്‍കുന്നത് എഞ്ചിനാണ് . ഈ എഞ്ചിന്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബലം നല്‍കുന്നത് ഇന്ധനം കത്തിയാണ്. ഇന്ധനം കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകം പുറത്തുപോകുന്നതുവഴിയല്ല കാര്‍ ചലിക്കുന്നത് “ ബോയില്‍ മാഷ് വിശദീകരിച്ചു.
വിശദീകരണത്തില്‍ തൃപ്തി വരാത്ത മട്ടില്‍ ആപേക്ഷികതാ മാഷ് ചോദിച്ചു.
“മുകള്‍ഭാഗത്തേക്ക് ,താഴ്ഭാഗത്തേക്ക് , മുന്നിലേക്ക് ,പിന്നിലേക്ക് , ഇവിടെയൊക്കെ ആപേക്ഷികമാണ് . കാറിന്റെ കാര്യത്തിലും നാം നടക്കുമ്പോഴും കുതിര വണ്ടി ചലിക്കുമ്പോഴും പ്രവര്‍ത്തനം ഏതെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കമില്ല . അതായത് തറയില്‍ പിന്നിലേക്ക്
പ്രയോഗിക്കുന്ന ബലമാണ് പ്രവര്‍ത്തനം . പക്ഷെ അത് നമുക്ക് പ്രത്യക്ഷത്തില്‍ അനുഭവവേദ്യം ആകുന്നില്ല.അതുപോലെ , മുന്നോട്ടുപോകുന്നത് പ്രതിപ്രവര്‍ത്തനം . ഈ പ്രതിപ്രവര്‍ത്തനം നമുക്ക് അനുഭവവേദ്യമാണുതാനും ”ആപേക്ഷികതാ മാഷ് ഒന്നു നിര്‍ത്തി എല്ലാവരേയും നോക്കി .
എല്ലാവരും തന്റെ മറുപടിയില്‍ ശ്രദ്ധിച്ചിരിക്കുന്നതുകണ്ടപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ തുടര്‍ന്നു.“പക്ഷെ റോക്കറ്റിന്റെ കാര്യത്തിലാണ് നമുക്ക് മുകളിലേക്ക് , താഴെക്ക് എന്നിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് . കാരണം മുന്‍പത്തെ ഉദാഹരണത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ബലം പ്രയോഗിക്കുന്ന വസ്തുവും ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവും ചലിക്കുന്നു. അതാണ്
കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത് . ”
മാഷ് എല്ലാവരുടേയും മുഖം ഒന്നുകൂടി ശ്രദ്ധിച്ച് തുടര്‍ന്നു.
“അതായത് നാം നടക്കുമ്പോള്‍ ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവായ നാം മാത്രമേ ചലിക്കുന്നുള്ളൂ. ബലപ്രയോഗം ലഭിച്ച വസ്തുവായ ഭൂമി ചലിക്കുന്നില്ല. എഞ്ചിന്‍ കാറിനെ ഭൂമിയില്‍ പിന്നിലേക്ക് ബലം പ്രയോഗിപ്പിക്കുന്നതുപോലെ റോക്കറ്റില്‍ വാതകം കത്തി റോക്കറ്റിനെ വാതകം പിന്നിലേക്ക് (മുകളിലേക്ക് ) ബലം പ്രയോഗിക്കുന്നു.“
“അതുശരിയാ , വായുനിറച്ച ബലൂണിന്റെ അടിഭാഗം ( നൂല്‍കൊണ്ട് കെട്ടിയ ഭാഗം ) താഴേക്കാക്കി കെട്ടഴിച്ചാല്‍ ബലൂണ്‍ മുകളിലേക്ക് പോകും .മുകളീലേക്കായി കെട്ടഴിച്ചാല്‍ ബലൂണ്‍ താഴേക്ക് പോകും ”
ബോയില്‍ മാഷ് കാര്യം പിടികിട്ടിയെന്ന മട്ടില്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
ഇടക്കുകയറി വെടിവെച്ച ബോയില്‍ മാഷിനെ ശത്രുതയോടെ നോക്കി ആപേക്ഷികതാ മാഷ് തുടര്‍ന്നു.
“കാറും ഭൂമിയുമായുള്ള കാര്യത്തില്‍ ഭൂമി ചലിക്കുന്നില്ല ; പക്ഷെ ഇവിടെ റോക്കറ്റ് ചലിക്കുന്നു. റോക്കറ്റ് ചലിക്കുന്നത് മുകളിലേക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന ബലത്തിന്റെ ദിശയെ അടിസ്ഥാനമാക്കി നോക്കിയാല്‍ റോക്കറ്റിനെ ചലനം പിന്നിലേക്കാണ്. അതുപോലെ നോസിലില്‍ക്കൂടി വാതകം ചലിക്കുന്നത് താഴെക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന
ബലപ്രയോഗത്തിന്റെ ദിശയെ അടിസ്ഥാമാക്കിപ്പറഞ്ഞാല്‍ മുന്നിലേക്കാണ് . ഇത്തരത്തില്‍ ചിന്തിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി സുഗമമാകും ”
“ആപേക്ഷികതാ മാഷ് പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ വഞ്ചിയുടെ കാര്യം എടുത്താല്‍ മതി ” ഫ്ലോട്ടിംഗ് മാഷ് പറഞ്ഞു.
എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ ഫ്ലോട്ടിംഗ് മാഷ് തുടര്‍ന്നു.
“ജലത്തില്‍ കിടക്കുന്ന തോണിയില്‍ നിന്നും ആള്‍ കരയിലേക്കു ചാടുമ്പോള്‍ അയാള്‍ തോണിയില്‍ പ്രയോഗിച്ച ബലമാണ് പ്രവര്‍ത്തനം അതിന്റെ ദിശ പിന്നിലേക്കാണ് . തല്‍ഫലമായി തോണി പിന്നിലേക്കു പോകുന്നു. അയാളില്‍ തോണി പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം . തല്‍ഫലമായി അയാള്‍ മുന്നിലേക്ക് പോകുന്നു. എന്നുവെച്ചാല്‍ ഇവിടെ പ്രവര്‍ത്തന ഫലവും പ്രതിപ്രവര്‍ത്തന ഫലവും ദൃശ്യമാകുന്നുവെന്നര്‍ത്ഥം “
“തോണി കരയില്‍ ഒരു സ്ഥലത്ത് ഉറപ്പിച്ചു വെച്ചിരിക്കയാണെങ്കിലോ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍ .
“ പ്രവര്‍ത്തന ഫലം ദൃശ്യമാകില്ല .അതായത് തോണി ചലിക്കില്ല; ആള്‍ മുന്നോട്ടു ചലിക്കും “ ബലം മാഷ് വിളിച്ചു പറഞ്ഞു.
“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; വെടിപൊട്ടുമ്പോള്‍ വെടിയുണ്ടയില്‍ തോക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തമാണ് . ഇതിന്റെ ഫലമായാണ് വെടിയുണ്ട മുന്നോട്ട് ചലിക്കുന്നത് . അപ്പോള്‍ വെടിയുണ്ട തോക്കില്‍ പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം
തല്‍ഫലമായി തോക്ക് പുറകോട്ട് പോകുന്നു” ബലം മാഷ് ഒന്നുകൂടി വിശദീകരിച്ചു.
“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; നീന്തുന്ന ആള്‍ കൈകൊണ്ട് ജലത്തില്‍ ബലം പിന്നിലേക്ക് പ്രയോഗിക്കുന്നു . ഇത് പ്രവര്‍ത്തനമാണ്. ഇതിന്റെ ഫലമായാണ് ജലം പിന്നിലേക്ക് നിങ്ങുന്നത് . നീന്തുന്ന ആള്‍ മുന്നോട്ടു നീങ്ങുന്നത് പ്രതിപ്രവര്‍ത്തനമാണ്”
ഫ്ലോട്ടിംഗ് മാഷ് തന്റെ തത്ത്വം പ്രകടമാക്കി.
“ അപ്പോള്‍ മിനുസമുള്ള തറയില്‍ വെള്ളം വീണാല്‍ അതില്‍ക്കൂടി നടക്കുമ്പോള്‍ തെന്നി വീഴുന്നു . ഇതില്‍ പ്രവര്‍ത്തനം , പ്രതിപ്രവര്‍ത്തനം എന്നിവ പറയാമോ “ ഈ ചോദ്യം ഉന്നയിച്ചത് ഘര്‍ഷണം മാഷാണ്.
“മിനുസമുള്ള തറയില്‍ വെള്ളമുണ്ടാകുമ്പോള്‍ ഘര്‍ഷണം വളരെ കുറവാണ്. അതുകൊണ്ട് മിനുസമുള്ള - വെള്ളം വീണ തറയില്‍ക്കൂടി ഒരാള്‍ നടക്കുമ്പോള്‍ അയാള്‍ തറയില്‍ പിന്നിലേക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനമാണ് . പക്ഷെ , ഘര്‍ഷണം ഇല്ലാത്തതിനാല്‍
തറക്ക് , എതിരായ പ്രതിപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുന്നില്ല, അതുകൊണ്ട് അയാള്‍ വഴുക്കി വീഴുന്നു. അതുകൊണ്ടുതന്നെ അയാള്‍ ബലം പ്രയോഗിച്ച ദിശയില്‍ ( പിന്നോട്ട് ) ചലിക്കുന്നു. “ ബലം മാഷ് മറുപടി പറഞ്ഞു.
“മേശപ്പുറത്തിരിക്കുന്ന സ്‌പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും 200ഗ്രാം ഭാരം തൂക്കിയിട്ടാള്‍ സ്‌പ്രിംഗ് ത്രാസ് റീഡിംഗ് എത്രയായിരിക്കും?”
ബലം മാഷ് മറ്റുള്ളവര്‍ കേള്‍ക്കുവാന്‍ ഉച്ചത്തില്‍ ഒരു ചോദ്യം ചോദിച്ചു.
“ സംശയമൊന്നും വേണ്ട 200ഗ്രാം . “ ഗ്രാവിറ്റിമാഷ് ഉത്തരം പറഞ്ഞു.
“ ചിലര്‍ പൂജ്യമെന്ന് ഉത്തരം പറഞ്ഞേക്കാം . അവരുടെ ധാരണ തിരുത്തുവാനെന്താ ഒരു വഴി?” ബലം മാഷ് ചോദിച്ചു.
“ പൂജ്യമെന്ന് ഉത്തരം പറയുന്നവര്‍ ആ ഉത്തരത്തിലെത്തുത്തിന് ഒരു ന്യായീകരണമുണ്ട്. അതായത് സ്‌പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും പ്രയോഗിക്കുന്ന ബലം തുല്യമാണ് ; അതേ സമയം വിപരീത ദിശയിലുമാണ് . അതുകൊണ്ട് അവ അന്യോന്യം കാന്‍സല്‍ ആയിപ്പോകുന്നു എന്ന നിഗമനത്തില്‍ അവര്‍ എത്തുന്നു.പക്ഷെ, സ്‌പ്രിംഗ് ത്രാസ് ഒറ്റ വസ്തുവാണെങ്കിലും അതിലെ സ്‌പ്രിംഗിന്
ബലപ്രയോഗം മൂലം നീങ്ങാനൊക്കും. അതായത് ഇരു ബലങ്ങളും (200 ഗ്രാം) തുല്യവും വിപരീത ദിശയിലുമാണെന്ന കാര്യമൊക്കെ ശരിതന്നെ . പക്ഷെ , അവ പ്രയോഗിക്കുന്നത് വ്യത്യസ്ത വസ്തുക്കളിലാണെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ സ്‌പ്രിംഗ്
200 ഗ്രാം റീഡിംഗ് ല്‍ എത്തുന്നു .”
“ പക്ഷെ , പണ്ടത്തെ പുസ്തകത്തില്‍ ഇങ്ങനെയായിരുന്നില്ല വിവരണം “ ബ്ലാക്ക് ഹോള്‍ മാഷ് വ്യക്തമാക്കി
എല്ലാവരും മാഷിനെ ചോദ്യചിഹ്നത്തോടെ നോക്കി. അതിനാല്‍ മാഷ് തുടര്‍ന്നു.
“ പഴയ പുസ്തകത്തില്‍ രണ്ടൂ സ്‌പ്രിംഗ് ത്രാസുകള്‍ കൂട്ടി കണ്‍ക്ട് ചെയ്ത ഒരു ചിത്രമാണ് കൊടുത്തിരുന്നത് .ഒരു സ്‌പ്രിംഗ് ത്രാസിന്റെ ഒരറ്റം ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നു. മറ്റേ അറ്റത്ത് ബലം പ്രയോഗിക്കുന്നു. അപ്പോള്‍ ഇരു ത്രാസുകളിലേയും റീഡിംഗ് തുല്യമായിരിക്കും”
“ പക്ഷെ , ഇവിടെ ഒരു സ്‌പ്രിംഗ് ത്രാസ് ആയപ്പോള്‍ വിശദീകരിക്കാന്‍ അല്പം വിഷമം അല്ലേ”
ബലം മാഷ് ആശങ്കപ്പെട്ടു
അപ്പോഴേക്കും ആര്‍ .പി മാര്‍ വന്നതിനാല്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment